രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിച്ചതിന് പിന്നിൽ ധോണിയുടെ നീക്കമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറുന്ന രീതിയിലാകും ഇടപാടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എംഎസ് ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായേക്കാം ഇത്തവണത്തേതെന്നും മുഹമ്മദ് കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ സൂചിപ്പിച്ചു. തന്ത്രപരമായ നീക്കങ്ങളിൽ മിടുക്കനായ ധോണി, സഞ്ജുവിനെ ഭാവിയിലേക്കുള്ള ചെന്നൈയുടെ നായകനായും കരുതിയിട്ടുണ്ടാവണം. 2022ൽ ജഡേജയുടെ ക്യാപ്റ്റൻസി പരാജയപ്പെട്ടതും, ആദ്യ എട്ട് കളികളിൽ ചെന്നൈ ഒരു വിജയം മാത്രം നേടുകയും ചെയ്തത് ടീമിന് നാണക്കേടായിരുന്നു. തുടർന്ന് ധോണിക്ക് തിരികെ ചുമതലയേൽക്കേണ്ടി വന്നതും കൈഫ് ഓർമ്മിപ്പിച്ചു.
”ധോണിക്ക് മികച്ച ഒരു പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ സഞ്ജുവിനെ നോട്ടമിടുന്നത്. ജഡേജക്ക് ആ റോൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ആ ദൗത്യം വിജയിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ക്യാപ്റ്റൻസി ജഡേജക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല. ഐപിഎല്ലിൽ എല്ലാവർക്കും നായകനാകാൻ കഴിയില്ല. ഒരു ഭാവി നായകനെ ടീമിലെത്തിക്കാൻ ജഡേജയെ വിട്ടുകൊടുക്കാൻ തയ്യാറായത് ധോണിയുടെ ദീർഘവീക്ഷണമാണ്”. കൈഫ് വിശദീകരിക്കുന്നു.
ദീർഘകാലമായി ഒരേ ഫ്രാഞ്ചൈസിക്ക് കീഴിൽ കളിക്കുന്നവരാണ് സഞ്ജുവും ജഡേജയും. 11 വർഷമായി രാജസ്ഥാനൊപ്പമാണ് സഞ്ജു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമാണ് ജഡേജ. 2025 ലെ ഐപിഎൽ സീസണിന് ശേഷം ടീം വിടാനുള്ള താൽപര്യം സഞ്ജു രാജസ്ഥാൻ റോയൽസ് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. 2025 ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് ചെന്നൈ ജഡേജയെ നിലനിർത്തിയത്. ധോണിക്കും കോലിക്കും രോഹിതിനും ദിനേശ് കാർത്തിക്കിനും ശേഷം ഏറ്റവും കൂടുതൽ ഐപിഎൽ മൽസരം കളിച്ച താരമാണ് ജഡേജ, 254 മത്സരങ്ങൾ. 19-ാം വയസിൽ ജഡേജ ഐപിഎൽ അരങ്ങേറിയത് രാജസ്ഥാനൊപ്പമാണ്.
ആദ്യ സീസണിൽ കപ്പടിച്ച ടീമിൽ അംഗമായിരുന്നു ജഡേജ.67 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു 33 മത്സരങ്ങളിൽ വിജയിച്ചിരുന്നു. രാജസ്ഥാൻ പ്ലേഓഫിലെത്തിയ 2024 ഐപിഎല്ലിൽ 530 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 2025 മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ നിലനിർത്തിയ ആറു താരങ്ങളിലൊരാളായിരുന്നു സഞ്ജു. 18 കോടിക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്.