മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറുമെന്ന് സൂചന. റോയല്‍സ് വിടാനുള്ള തീരുമാനം അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. സഞ്ജുവിനെ മാറ്റി പുതിയ ടീമിനെ സെറ്റാക്കാനാണ് റോയല്‍സിന്‍റെ നീക്കം. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജു സാംസണെ ഡല്‍ഹിക്ക് കൊടുത്ത് പകരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ ട്രേഡ് ചെയ്യാനാണ് രാജസ്ഥാന്‍റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാംസണെ ടീമിൽ ഉൾപ്പെടുത്താനും ക്യാപ്റ്റനാക്കാനും ഡിസിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ അവരുടെ പ്രധാന കളിക്കാരെ ആരെയും കൈമാറാൻ അവർ തയ്യാറാവില്ലെന്നാണ് വിവരം. അടുത്ത മാസം ഡിസംബറിലാണ് മിനി താര ലേലം നടക്കുക. അതിന് മുമ്പായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം പകുതിയോടെ കൈമാറണം.
റോയല്‍സിന്റെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് സഞ്ജു. 4219 റണ്‍സാണ് 155 മല്‍സരങ്ങളില്‍ നിന്നും സഞ്ജു അടിച്ചെടുത്തത്. 67 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചു. 2023ല്‍ ടീം ഫൈനല്‍ കളിച്ചത് മലയാളി താരത്തിന്‍റെ കീഴിലാണ്. റോയല്‍സിലൂടെയാണ് അദ്ദേഹം കരിയറാരംഭിച്ചത്. 2016, 17 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചതൊഴിച്ചാല്‍ മറ്റ് സീസണുകളിലെല്ലാം സഞ്ജു റോയല്‍സിന്‍റെ ഭാഗമായിരുന്നു.