ഫിറ്റ്നസ് സെന്ററിൽ യുവതികളെ പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ. തൃശൂർ കണിമംഗലം എഫ് ടു ഫിറ്റ്നസ് സെന്റർ നടത്തിപ്പുകാരൻ അജ്മലാണ് പിടിയിലായത്. സമാനമായ രണ്ടു കേസുകളിൽ നേരത്തെ പ്രതിയാണ്.
ഫിറ്റ്നസ് സെന്ററിൽ പരിശീലനം തേടിയ രണ്ടു യുവതികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു യുവതി വിവാഹിതയാണ്. മറ്റൊരു യുവതി അവിവാഹിതയും. കണിമംഗലത്തെ ഫിറ്റ്നസ് സെന്റർ നടത്തിപ്പുക്കാരനാണ് അജ്മൽ. നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പരിശീലനത്തിനിടെ യുവതികളുമായി അജ്മൽ അടുപ്പത്തിലായി. വിവാഹിതയായ യുവതിയുടെ പക്കൽ നിന്ന് പലപ്പോഴായി അഞ്ചു ലക്ഷത്തിലേറെ രൂപ അജ്മൽ കൈപ്പറ്റിയിട്ടുണ്ട്.
പരിശീലന കേന്ദ്രത്തിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി. ഇവരുമായി ബന്ധം നിലനിൽക്കുമ്പോൾ തന്നെ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഫിറ്റ്നസ് സെന്ററിൽ നിന്ന് വിനോദയാത്ര പോയ സമയത്ത് കൊടൈക്കനാലിൽ വെച്ചാണ് അവിവാഹിത പീഡിപ്പിക്കപ്പെട്ടത്. ഈ രണ്ട് യുവതികളും പരസ്പരം കാര്യങ്ങൾ പങ്കുവച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിന് പരാതി നൽകി.