സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നഴ്‌സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും ഇത് തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും കെ സി വേണുഗോപാൽ എംപി ആരോപിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി നിർദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ന്യായമായ ഈ ആവശ്യം പോലും പരിഗണിക്കാത്തത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവിമുഖതയാണെന്ന് വിമർശിച്ചു. സ്വന്തം അവകാശങ്ങൾക്കായി സമരം ചെയ്യുന്ന നഴ്‌സുമാരെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ആരോഗ്യ മേഖലയിലെ നിർണായക തൊഴിലാളികളായ നഴ്‌സുമാർക്ക് കഴിഞ്ഞ ഏഴ് വർഷമായി ശമ്പള വർധനവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികൾ കോടികൾ ലാഭം കൊയ്യുന്ന സാഹചര്യത്തിൽ നഴ്‌സുമാർക്ക് യോജിച്ച വേതനം നൽകാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഴ്‌സുമാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കിൽ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നഴ്‌സുമാരുടെ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും, നിലവിലെ സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാർ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ എന്നിവർ പങ്കെടുത്തു.