Image Credit: Manorama, PTI

രാജസ്ഥാന്‍ റോയല്‍സ് വിടാം എന്ന തീരുമാനത്തിലെത്താന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ പ്രേരിപ്പിച്ചത് യശസ്വി ജയ്സ്വാളോ, വൈഭവ് സൂര്യവംശിയോ അല്ലെന്ന വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം എസ്.ബദ്രിനാഥ്. സ‍ഞ്ജുവിനെ പോലെ ഒരാള്‍ റോയല്‍സ് ഉപേക്ഷിക്കാമെന്ന തീരുമാനമെടുക്കുന്നത് റയാന്‍ പരാഗിന്‍റെ വരവോടെയാണെന്ന് ബദ്രിനാഥ് പറയുന്നു. 

പരുക്കേറ്റ് സഞ്ജു പുറത്തിരുന്നത് മുതല്‍ പരാഗിനെയാണ് മാനെജ്മെന്‍റ് ക്യാപ്റ്റനാക്കിയത്. പരാഗ് ക്യാപ്റ്റനാകുന്ന ടീമില്‍ സഞ്ജുവിനെ പോലെ ഒരാള്‍ തുടരുമെന്ന് എങ്ങനെ കരുതാനാണെന്ന് ബദ്രിനാഥ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ചോദ്യമുയര്‍ത്തുന്നു. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സില്‍ എത്തിയാലും ഏത് സ്ഥാനത്ത് ഉള്‍ക്കൊള്ളിക്കുമെന്നത് അടുത്ത വെല്ലുവിളിയാകുമെന്നും ബദ്രിനാഥ് പ്രവചിക്കുന്നു. 

'ധോണിക്ക് പകരക്കാരനെന്നോണമാകും സ‍ഞ്ജു എത്തുക. ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ മൂന്നിലോ,  പരമാവധി നാലാമനായോ ഇറങ്ങാന്‍ കഴിയുന്ന ആളാണ് സഞ്ജു. എന്നാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ കളിപ്പിക്കാന്‍ കഴിയില്ല. ചെന്നൈയുടെ പ്ലേയിങ് ഇലവന്‍ പരിശോധിച്ചാല്‍ ആയുഷ് മാത്ര, ഗെയ്ക്​വാദ്, ബ്രെവിസ് ഇവരെല്ലാം ഓരോ സ്ഥാനങ്ങള്‍ ഉറപ്പിച്ചവരാണ്. ഗുജറാത്തില്‍ നിന്ന് ഹാര്‍ദികിനെ കിട്ടിയത് പോലെ എളുപ്പമാകില്ല റോയല്‍സില്‍ നിന്ന് ചെന്നൈയിലേക്ക് സഞ്ജു എത്തുന്നത്'. പ്ലേയിങ് ഇലവനില്‍ എവിടെ സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കുമെന്നത് വലിയ ചോദ്യം തന്നെയാണ്– ബദ്രിനാഥ് വിശദീകരിക്കുന്നു. 

ചെന്നൈയില്‍ എത്തിയാല്‍ സഞ്ജുവിന് ക്യാപ്റ്റനാകാന്‍ കഴിയണമെന്നുമില്ല. ധോണി നയിച്ചാലും ഇല്ലെങ്കിലും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്​വാദ് ആണ്. ഒറ്റ സീസണിലാണ് ഗെയ്ക്​വാദ് നായകനായത്. ആ ക്യാപ്റ്റന്‍ പദവിയെടുത്ത് സഞ്ജുവിന് കൊടുത്തുവെന്ന് കരുതൂ, ഗെയ്ക്​വാദിന്‍റെ മാനസികാവസ്ഥ എന്താവും? ഇക്കാര്യങ്ങളൊക്കെ ചിന്തിച്ച ശേഷമേ സഞ്ജുവിനെ കൊണ്ടുവരാനുള്ള തീരുമാനവുമായി ചെന്നൈ മുന്നോട്ട് പോകൂവെന്നാണ് താന്‍ കരുതുന്നതെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ക്കുന്നു.

തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു മാനെജ്മെന്‍റിന് മുന്നില്‍ വച്ചുവെന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ കരാര്‍ അനുസരിച്ച് 2027 വരെ സഞ്ജു രാജസ്ഥാനില്‍ തുടരേണ്ടി വരും. സഞ്ജു ആവശ്യപ്പെട്ടതു പോലെ റിലീസ് ചെയ്യുകയാണെങ്കില്‍ കണ്ട് സാധ്യതകളാണ് നിലവിലുള്ളത്. സ‍ഞ്ജുവിനെ ലേലത്തില്‍ നല്‍കിയോ, അല്ലെങ്കില്‍ സ്വാപ് ചെയ്തോ റിലീസ് ചെയ്യാം. അന്തിമ തീരുമാനം ഫ്രാഞ്ചൈസിയാണ് കൈക്കൊള്ളേണ്ടത്.

ENGLISH SUMMARY:

Sanju Samson's potential move involves complex dynamics. This revolves around playing eleven placements, captaincy considerations, and franchise decisions, influencing his potential transition from Rajasthan Royals.