Wankhede stadium in Mumbai- Photo Sreekumar EV - April 31,2016.
ഐപിഎല്ലിലെ താരങ്ങളുടെ 261 ജഴ്സികളുമായി മുങ്ങിയിരിക്കുകയാണ് വാങ്കഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരന്‍. ആറരലക്ഷത്തോളം രൂപ വിലമതിക്കുന്ന ജഴ്സികളാണ് ബിസിസിഐയുടെ ഔദ്യോഗിക സ്റ്റോറില്‍ നിന്നും മോഷണം പോയത്. ജൂണ്‍ 13നാണ് മോഷണം നടന്നതെങ്കിലും ഔദ്യോഗികമായി പരാതി ലഭിച്ചത് ജൂലൈ 17നാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ബിഎന്‍എസ് 306–ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് മറൈന്‍ ഡ്രൈവ് പൊലീസ് അന്വേഷണം തുടങ്ങി.
ബിസിസിഐ ജീവനക്കാരനായ ഹെമാങ് ഭാരത് കുമാര്‍ അമിനാണ് വാങ്കഡെയിലെ സുരക്ഷാ ജീവനക്കാരനായ ഫറൂഖ് അസ്‌ലം ഖാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അനധികൃതമായി സ്റ്റോറില്‍ കടന്ന അസ്‌ലം വിലപിടിപ്പുള്ള ഐപിഎല്‍ കിറ്റുകളുമായി മടങ്ങിയെന്നാണ് പരാതി.
10 ഐപിഎല്‍ ടീമുകളുടെ ജഴ്സികളും മോഷ്ടിച്ചവയിലുണ്ട്. 6,52,500 രൂപയാണ് നഷ്ടപ്പെട്ട ജഴ്സികളുടെ ആകെ വിലയായി പൊലീസ് കണക്കാക്കുന്നത്. സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും നഷ്ടമായവ വീണ്ടെടുക്കാനാണ് ശ്രമമെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.