റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വീണ്ടുമൊരു ഫൈനല്‍. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കപ്പ് ബെംഗളൂരുവിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2009 ല്‍ ആദ്യ ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനോടാണ് ആര്‍സിബി തോറ്റത്. 2011 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടും 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടുമാണ് ആര്‍സിബി ഫൈനലില്‍ തോറ്റത്. ഇനി കാത്തിരിപ്പിനില്ല, 2016 ലെ ഫൈനലിലുള്ള ആര്‍സിബി അല്ല ഇന്നത്തെ ടീം. അതിനാല്‍ തന്നെ ആരാധകര്‍ ഉറക്കെ പറയുകയാണ് 'ഈ സാലാ കപ്പ് നമ്ദേ'..
രജത് പടിധാര്‍
രാജ്യാന്തര ക്രിക്കറ്റില്‍ പരിചയമുള്ള കളിക്കാരാണ് എപ്പോഴും ആർസിബിയെ നയിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ഫൈനലുകളില്‍ ആര്‍സിബിയുടെ തന്ത്രങ്ങള്‍ മെനഞ്ഞത് അനിൽ കുംബ്ലെയും ഡാനിയേൽ വെട്ടോറിയും വിരാട് കോലിയുമാണ്. ഐപിഎൽ 2025 ഫൈനലിൽ രജത് പടിധാറാണ് ടീമിനെ നയിക്കുന്നത്. ഇതുവരെ ട്വന്‍റി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്ത താരമാണ് രജത്. ഒരു ഏകദിനവും മൂന്ന് ടെസ്റ്റുമാണ് രജത് പടിധാറിന്റെ രാജ്യാന്തര മല്‍സര പരിചയം. എന്നാല്‍ കളത്തിലെ ശാന്തതയും മികച്ച പ്രകടനവും സീസണിലുടനീളം രജത് പടിധാര്‍ എടുത്തുകാണിച്ചു.
എവേ മല്‍സരങ്ങളിലെ റെക്കോര്‍ഡ്
കളിച്ച എല്ലാ എവേ മല്‍സരങ്ങളും ജയിച്ചാണ് ഇത്തവണ ആര്‍സിബി പ്ലേഓഫിലെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ആദ്യ സംഭവം. ചെക്കോപ്പില്‍ ചെന്നൈയ്ക്കെതിരെയും ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും തോല്‍ക്കുന്ന പതിവ് ശീലത്തിനും ഇത്തവണ മാറ്റമുണ്ടായി. ശക്തമായ സാഹചര്യത്തിലും മികച്ച പ്രകടനം നടത്താനുള്ള ടീമിന്‍റെ ശേഷിയാണിത് കാണിക്കുന്നത്. ഇത് അഹമ്മദാബില്‍ ഫൈനലില്‍ ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല.
ആര്‍സിബി എന്ന ടീം
വിരാട് കോലി എന്ന സൂപ്പര്‍ താരത്തെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ് സീസണില്‍ ആര്‍സിബിയുടെ പ്ലസ് പോയിന്‍റ്. കോലി ഇതുവരെ എട്ട് അര്‍ധ സെഞ്ചറി നേടി. ഓപ്പണിങില്‍ ഫില്‍ സാള്‍ട്ട് മികച്ച തുടക്കം തരുന്നു. നയിക്കാന്‍ പടിധാര്‍, പേസില്‍ ഹേസൽവുഡ്, സ്പിന്നില്‍ സുയാഷ്, ടീം പ്രകടനം തന്നെയാണ് ആര്‍സിബിയെ ഇത്തവണ ഫൈനലിലെത്തിച്ചത്. ഒൻപത് വ്യത്യസ്ത പ്ലെയർ ഓഫ് ദി മാച്ച് വിജയികളാണ് ആര്‍സിബിക്കുള്ളത് എന്നത് ടീം പ്ലേയുടെ തെളിവാണ്.
നേരെ ഫൈനലിലേക്ക്
ഫൈനലിനിറങ്ങുമ്പോള്‍ ആര്‍സിബിയുടെ എതിരാളി ഒന്നാം ക്വാളിഫെയറില്‍ തോല്‍പ്പിച്ചു വിട്ട പഞ്ചാബ് കിങ്സ് തന്നെയാണ്. പഞ്ചാബ് കിങ്സിന് മുകളില്‍ ആധിപത്യത്തോടെയാണ് ആര്‍സിബി ഒന്നാം ക്വാളിഫയര്‍ ജയിച്ചത്. 101 റണ്‍സ് ചെയ്സ് ചെത് ടീം 10 ഓവറില്‍ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കി.
സമ്മര്‍ദ്ദങ്ങളെ നേരിടുന്നതില്‍ വിജയി
ഏത് സാഹചര്യത്തിലും ജയിച്ചു കയറാന്‍ സാധിക്കും എന്നത് ഈ സീസണിലെ ഈ ടീം കാണിച്ചു തന്നിട്ടുണ്ട്. ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരെ 228 റണ്‍സ് ചെയ്സ് ചെയ്തത് ആര്‍സിബിക്കായി അരങ്ങേറിയ ജിതേഷ് ശര്‍മയുടെ ബാറ്റിങിലാണ്. കോലിക്ക് ശേഷം എത്തിയ ജിതേഷ് ശര്‍മ 33 പന്തില്‍ 85 റണ്‍സാണ് നേടിയത്. ചെന്നൈയ്ക്കെതിരെ അവസാന ഓവറില്‍ രണ്ട് റണ്‍സിന് വിജയിച്ചതും പ്രതിരോധിക്കാനുള്ള ശേഷിയും കാണിക്കുന്നു. 2008 ന് ശേഷം ആദ്യമായാണ് ചെന്നൈ ചെപ്പോക്കില്‍ ജയിക്കുന്നത്.