വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വീണ്ടും ചാംപ്യന്മാരായി. ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറായ 203 റൺസ് അടിച്ചുകൂട്ടിയിട്ടും ഡൽഹിക്ക് വിജയിക്കാനായില്ല. സ്മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ ബാറ്റിംഗാണ് ബെംഗളൂരുവിന് ഐതിഹാസിക ജയം സമ്മാനിച്ചത്.

വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് വേണ്ടി ഓപ്പണർമാർ വിസ്മയകരമായ തുടക്കമാണ് നൽകിയത്. വെറും 41 പന്തിൽ നിന്ന് 87 റൺസ് അടിച്ചുകൂട്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന  മുന്നിൽ നിന്ന് നയിച്ചു. 79 റൺസുമായി ജോർജിയ വോൾ ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 165 റൺസ് കിരീടത്തിലേക്കുള്ള പാത സുഗമമാക്കി.

തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പരാജയപ്പെടുന്നത്. 2023, 2024, 2025 വർഷങ്ങളിലെ തോൽവിക്ക് പിന്നാലെ 2026-ലും റണ്ണേഴ്സ് അപ്പായി ഒതുങ്ങാനായിരുന്നു ഡൽഹിയുടെ വിധി. നേരത്തെ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് (57), ലോറ വോൾവാർട്ട് (44), ഷിനല്‍ ഹെൻറി (35*) എന്നിവർ മികച്ച പ്രകടനം നടത്തിയിരുന്നു. ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 203/4 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ഡൽഹി ബൗളർമാർക്കായില്ല.

ബെംഗളൂരു നിരയിൽ സയാലി സത്‌ഘരെ ജെമീമയുടെ വിക്കറ്റെടുത്ത് ബ്രേക്ക് ത്രൂ നൽകിയപ്പോൾ, നദീൻ ഡി ക്ലർക്കും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റുകൾ വീഴ്ത്തി ഡൽഹിയെ നിയന്ത്രിച്ചു. മറുപടി ബാറ്റിംഗിൽ ഡൽഹി ബൗളർമാരെ കടന്നാക്രമിച്ച സ്മൃതിയും വോളും ആർ.സി.ബിയുടെ വിജയം അനായാസമാക്കി.

ENGLISH SUMMARY:

Royal Challengers Bangalore have once again become champions in the Women's Premier League 2026 final, defeating Delhi Capitals by six wickets. Despite Delhi Capitals scoring the highest total in a final, 203 runs, they were unable to secure the victory.