നടി തൃഷക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനു പിന്നാലെ മൊഴിയെടുക്കുന്നതില്‍ തര്‍ക്കം.
കേസ് തഞ്ചാവൂര്‍ സെങ്കിപ്പെട്ടി പൊലീസ് സ്റ്റേഷനില്‍നിന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ഉദയനിധി ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമായത്. തര്‍ക്കത്തിനൊടുവില്‍ ഉദയനിധി പൊലീസിന് വഴങ്ങി . സെങ്കപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ വച്ച് മൊഴിയെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉദയനിധിയെ വിട്ടയച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സ്റ്റേഷനില്‍നിന്ന് മടങ്ങി പ്രതിപക്ഷനേതാവ് വിമാനമാര്‍ഗം ചെന്നൈയിലേക്ക് പുറപ്പെടും.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരായ വിമർശനത്തിനിടെ നടി തൃഷയെ ഉന്നമിട്ടുള്ള അശ്ലീല പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ നേരത്തെ അറസ്റ്റിലായിരുന്നു. രാവിലെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്ത ശേഷം ഇന്ന് തന്നെ ഉദയനിധിയെ വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്ന് ഡിഎംകെ ആരോപിച്ചു.
നാടകീയപരമായിരുന്നു ഉദയനിധിക്കെതിരായ പൊലീസ് നടപടി. വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ടി വികെ, പ്രവർത്തകരോട് പൊലീസിൽ പരാതി നൽകാനും നിർദേശിച്ചു. ടി വികെ വനിത വിഭാഗം പരാതി നൽകി നിമിഷങ്ങൾക്കകം തഞ്ചാവൂർ പൊലീസ് ഉദയനിധിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തു. പിന്നാലെ പൊലീസ് ഉദയനിധിയുടെ വീട്ടിൽ. അതിനിടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഉദയനിധിക്ക് അനുകൂലമായി 12 മണി വരെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടു. എന്നാൽ മൊഴി രേഖപെടുത്തുന്നതിനായി ഉദയനിധിയെ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രതിഷേധവുമായി ഡി എം കെ പ്രവർത്തകരെത്തി.
പൊലീസ് നടപടിയെ തമാശയായി മാത്ര കാണുന്നുള്ളുവെന്ന് ഉദയനിധി പ്രതികരിച്ചു.
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ച് ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടു. നടപടി സ്ത്രീ സുരക്ഷ കണക്കിലെടുത്താണന്നും
റിമാൻഡ് ചെയ്യണമെന്ന ഉദ്ദേശ്യം ഇല്ലെന്നും ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊലീസ് നടപടിക്കെതിരെ ഡി എം കെ നേതാക്കൾ രംഗത്തെത്തി. തമിഴ്നാട്ടിൽ ഡിഎംകെ പ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തി.