ഐപിഎലില്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സ് താരം ദിഗ്‍വേഷ് സിങ് രാത്തിയെ ഒരു മല്‍സരത്തില്‍ വിലക്കിയതാണ് സെവാഗിന്‍റെ വിമര്‍ശനത്തിന് കാരണം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിനിടെ അഭിഷേക് ശർമ്മയുമായി ഗ്രൗണ്ടിൽ വഴക്കിട്ടതിന് ശേഷമാണ് ദിഗ്‍വേഷിനെ ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അഭിഷേകിന് പിഴയും ഡീമെരിറ്റ് പോയിന്‍റും ലഭിച്ചു.
ദിഗ്‍വേഷിന്റെ വിലക്ക് കടുത്തതാണെന്നും സമാന സാഹചര്യത്തില്‍ ധോണിയെയും വിരാട് കോലിയിയും ബിസിസിഐ വിലക്കിയിട്ടില്ലെന്നും സെവാഗ് പറഞ്ഞു. 'വിലക്ക് കടുത്ത തീരുമാനമാണ്. അവന്‍ ആദ്യത്തെ വര്‍ഷമാണ് ഐപിഎല്‍ കളിക്കുന്നത്. ധോണി മൈതാനത്തേക്ക് എത്തിയത് വിലക്ക് കിട്ടിയിട്ടില്ല. വിരാട് കോലി അംപയര്‍മാരോട് ഇതേരീതിയില്‍ സംസാരിച്ചിരുന്നു. കോലിയെ എത്ര തവണ വിലക്കിയെന്ന് ആര്‍ക്കും അറിയില്ല. ദിഗ്‍വേഷിനെ ഒഴിവാക്കാമായിരുന്നു, കാരണം അദ്ദേഹം ഒരു യുവ കളിക്കാരനാണ്' എന്നാണ് സെവാഗ് പറഞ്ഞത്.
2019 ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തിനിടെ നോബൗള്‍ സംബന്ധിച്ച വിഷയത്തിലാണ് ധോണി ഗ്രൗണ്ടിലെത്തി അംപയറോട് തര്‍ക്കിച്ചത്. അന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴയാണ് ധോണിക്ക് വിധിച്ചത്. വിരാട് കോലി ഒട്ടേറെ തവണ അംപയര്‍മാരുമായി തര്‍ക്കമുണ്ടായിരുന്നെങ്കിലും 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കോലിയെ വിലക്കിയിട്ടില്ല.
എന്നാല്‍ അഭിഷേക് ശര്‍മയുമായുള്ള തര്‍ക്കം മാത്രമല്ല ദിഗ്‍വേഷിനെ വിലക്കാന്‍ കാരണം. നേരത്തെ പെരുമാറ്റചട്ട ലംഘനത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റ് ദിഗ്‍വേഷിന്‍റെ പേരിലുണ്ട്. നോട്ട്ബുക്ക് ആഘോഷത്തിന്റെ പേരിൽ അഭിഷേക് ശർമ്മയുമായുള്ള വഴക്ക് സീസണിലെ മൂന്നാമത്തെ ഒഫൻസായിരുന്നു. ഇതടക്കം ഈ സീസണിൽ ആകെ ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം അഞ്ചായി. അഞ്ച് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചാല്‍ ഒരു മല്‍സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും. ഇതാണ് ദിഗ്‍വേഷിന് വിലക്ക് ലഭിക്കാന്‍ കാരണം.