റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പിന്നാലെ രാജസ്ഥാൻ റോയൽസും വില്‍പനയ്ക്കെന്ന് സൂചന. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ ജേഷ്ഠൻ ഹർഷ് ഗോയങ്കയുടെ എക്സ് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസും ഫ്രാഞ്ചൈസി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും വിദേശരാജ്യങ്ങളില്‍ നിന്നടക്കം ടീമുകളെ വാങ്ങാനായി ആള്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഒന്നല്ല, രണ്ട് ഐപിഎൽ ടീമുകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നാണ് എന്‍റെ അറിവെന്നും അവ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നിലവിലെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം മുതലാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. ടീമുകളെ വാങ്ങാന്‍ സന്നദ്ധരായി നാലോ അഞ്ചോ പേരുണ്ട്. പൂനെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരോ അതോ യുഎസ്എയിൽ നിന്നുള്ളവര്‍ക്കാകുമോ ടീമുകളുടെ ഉടമസ്ഥാവകാശം ലഭിക്കുക എന്നും ഹർഷ ഗോയങ്ക എക്സിൽ കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഫ്രാഞ്ചൈസികളെല്ലാം നിലവില്‍ ലാഭത്തിലാണെന്നും ടീമുകളുടെ ബ്രാന്‍ഡ് വാല്യു അതിന്‍റെ പാരമ്യത്തിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ജയ്പൂർ ആസ്ഥാനമായുള്ള രാജസ്ഥാൻ റോയൽസിന്റെ 60 ശതമാനത്തിലധികം ഓഹരികള്‍ റോയൽസ് സ്പോർട്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ലാക്ലാന്‍ മർഡോക്ക്, റെഡ്ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്സ് തുടങ്ങിയവര്‍ക്കാണ് ടീമിലെ മറ്റു പ്രധാന ഓഹരി പങ്കാളിത്തം.
നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് നവംബര്‍ അഞ്ചിന് തന്നെ ഉടമകളായ ഡിയാജിയോ സ്ഥിരീകരിച്ചിരുന്നു. ലാഭകരമായ മദ്യ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബെംഗളൂരുവിനെ വില്‍ക്കാനുള്ള തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ 2026 ഏപ്രിലിനകം പൂർത്തിയാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.