ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലിനെയും റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഓപ്പണര്‍ വെങ്കടേശ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. അടുത്തമാസത്തെ താരലേലത്തില്‍ കൊല്‍ക്കത്തയുടെ കൈവശം 64 കോടി രൂപ അവശേഷിക്കുമ്പോള്‍ രണ്ടേമുക്കാല്‍ കോടി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്
23 മുക്കാല്‍ കോടി രൂപയ്ക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ഒരു സീസണിപ്പുറം കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
കഴിഞ്ഞ സീസണില്‍ വന്‍ പരാജയമായ വെങ്കടേഷിന് 11 മല്‍സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടാനായത്. 2014 മുതല്‍ കൊല്‍ക്കത്തയിലുള്ള 37കാരന്‍ റസലിനെയും നൈറ്റ് റൈഡേഴ്സ് കൈവിട്ടു. ക്വിന്റന്‍ ഡി കോക്കും മോയിന്‍ അലിയും കൊല്‍ക്കത്ത വിട്ടു. ഡിവന്‍ കോണ്‍വെ,രചിന്‍ രവീന്ദ്ര, മതീഷ പതിരാന എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. പഞ്ചാബ് കിങ്സ് കൈവിട്ട ഗ്ലെന്‍ മാക്സ്‍വെല്ലും ജോഷ് ഇംഗ്ലിസും താരലേലത്തിലുണ്ടാകും. രാജസ്ഥാന്‍ ലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി.
മലയാളി താരം വിഘ്നേഷ് പുത്തൂരുള്‍പ്പടെ ഒന്‍പത് താരങ്ങളാണ് മുംബൈ ഇന്ത്യന്‍സ് വിട്ടത്. രണ്ടേമുക്കാല്‍ കോടി രൂപ മാത്രമാണ് ലേലത്തിനായി മുംബൈയ്ക്ക് അവശേഷിക്കുന്നത്. ലിയാം ലിവിങ്സ്റ്റനും ലുങ്കി എംഗിഡിയുമാണ് ബെംഗളൂരു കൈവിട്ട പ്രധാനതാരങ്ങള്‍. താരകൈമാറ്റത്തിനുള്ള ട്രേഡിങ് വിൻഡോ, ലേലത്തിന് ഒരാഴ്ച മുൻപ് വരെ തുടരും. ലേലത്തിന് ശേഷം പുനരാരംഭിച്ച് ഐപിഎൽ തുടങ്ങുന്നതിന് ഒരു മാസം മുൻപ് വരെ നീളും. ലേലത്തിൽ വാങ്ങുന്ന ഒരു താരത്തെയും പിന്നീട് കൈമാറ്റം ചെയ്യാൻ കഴിയില്ല ഡിസംബര്‍ 16ന് അബുദാബിയിലാണ് താരലേലം.