Image Credit: X/ @CricketarenaN
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് വീണ്ടും ഐപിഎല്ലിലേക്ക് ചാട്ടം. പഞ്ചാബ് കിങ്സിന്‍റെ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം മാക്സ്‍വെല്ലിന് പകരക്കാരനായി പിഎസ്എല്‍ കളിക്കുന്ന ഓസീസ് താരത്തെ ടീമിലെത്തിച്ചു. ഓള്‍റൗണ്ടര്‍ മിച്ചല്‍ ഒാവനുമായി പഞ്ചാബ് കിങ്സ് കരാറിലെത്തി. വിരലിന് പരിക്കേറ്റതോടെയാണ് മാക്സ്‍െവല്ലിന് ഐപിഎല്‍ നഷ്ടമായത്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ താരമായിരുന്നു ഒാവന്‍. പെഷവാര്‍ സാല്‍മിക്ക് പാക്ക് ലീഗില്‍ പ്ലേഓഫ് സാധ്യതയുണ്ടെങ്കിലും പിഎസ്എല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പഞ്ചാബ് കിങ്സിനൊപ്പം ചേരാനാണ് ഓവന്‍റെ തീരുമാനം. 23 കാരനായ ഒാവനെ മൂന്ന് കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്.
ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ഓവന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹൊബാർട്ട് ഹരിക്കേൻസിനു വേണ്ടി കളിച്ച താരം ടോപ്പ് സ്കോററായിരുന്നു. ഫൈനലില്‍ 39 പന്തില്‍ നേടിയ സെഞ്ചറിയിലൂടെ ഹരിക്കേൻസിന് പ്രഥമ ബിബിഎല്‍ കിരീടവും നേടി. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിക്കായി ഏഴു ഇന്നിങ്സില്‍ നിന്ന് 102 റണ്‍സാണ് ഓവന്‍ നേടിയത്. എസ്എ20 ലീഗില്‍ പാള്‍ റോയല്‍സ് താരമായിരുന്നു ഓവന്‍.
ഇന്ത്യ–പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്ലും പിഎസ്എല്ലും ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിന് ഒരു വിജയം നേടിയാല്‍ പ്ലേഓഫ് ഉറപ്പിക്കാം. ഞായറാഴ്ച ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് കിങ്സിന്‍റെ മല്‍സരം. ശനിയാഴ്ച ബെംഗളൂരുവില്‍ ആര്‍സിബിയും കെകെആറും തമ്മിലുള്ള മല്‍സരത്തോടെയാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്.
ഇതാദ്യമായല്ല പിഎസ്എല്‍ ഒഴിവാക്കി വിദേശ താരം ഐപിഎലിലേക്ക് എത്തുന്നത്. പെഷവാർ സാൽമിയില്‍ കരാറിലെത്തിയിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം കോർബിൻ ബോഷ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയിരുന്നു.