ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഇത്തവണ ഐപിഎല്‍ കളിക്കില്ല. 2026 ഐപിഎല്‍ മെഗാ ലേലത്തില്‍ തന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടെന്ന് താരം അറിയിച്ചു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാണ് തീരുമാനം. ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിച്ച ഡു പ്ലെസിസ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായിരുന്നു. ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്ത ഏഴു താരങ്ങളില്‍ ഡു പ്ലെസിസും ഉണ്ടായിരുന്നു.
14 ഐപിഎല്‍ സീസണിന് ശേഷം ഇത്തവണ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. "ഇതൊരു വലിയ തീരുമാനമാണ്. കരിയറിന്‍റെ വലിയൊരു ഭാഗമായിരുന്നു ഈ ലീഗ്. ലോകോത്തര നിലവാരമുള്ള സഹതാരങ്ങളോടൊപ്പവും അത്ഭുതകരമായ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും മികച്ച ആരാധകർക്ക് മുന്നിലും കളിക്കാൻ ഭാഗ്യം ലഭിച്ചു. ക്രിക്കറ്റ് താരമായും വ്യക്തിയായും എന്നെ രൂപപ്പെടുത്തിയ സൗഹൃദങ്ങളും പാഠങ്ങളും ഓർമ്മകളും ഇന്ത്യ എനിക്ക് നൽകിയിട്ടുണ്ട്." എന്നാണ് ഡു പ്ലെസിസ് എഴുതിയത്.
ഈ വര്‍ഷം പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഡു പ്ലെസിസ് എഴുതി. വരാനിരിക്കുന്ന പിഎസ്എല്‍ സീസണില്‍ കളിക്കും. ആവേശകരമായൊരു ചുവട്‍വെയ്പ്പാണ്. പുതിയ അനുഭവം നേടാനും കളിക്കാരനെന്ന നിലയില്‍ വളരാനും പുതിയ ലീഗിനെ സ്വീകരിക്കാനുമുള്ള അവസരം. പുതിയ രാജ്യം, പുതിയ അന്തരീക്ഷം, പുതിയ വെല്ലുവിളി. പാക്കിസ്ഥാൻ ആതിഥേയത്വം സ്വീകരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. എല്ലാവരെയും ഉടൻ കാണാം എന്നും അദ്ദേഹം എഴുതി.
2012 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് ഡുപ്ലെസിസ് അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ 398 റണ്‍സാണ് ഡു പ്ലെസി നേടിയത്. 2018 ലും 2021 ലും ജേതാക്കളായ ചെന്നൈ ടീമിന്‍റെ ഭാഗമായിരുന്നു ഡു പ്ലെസിസ്. 2023 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായാണ് ഡുപ്ലെസി കളിച്ചത്. 2025 സീസണിന് മുന്നോടിയായി ഡു പ്ലെസിസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. കഴിഞ്ഞ സീസണില്‍ 22.44 ആവറേജില്‍ 202 റണ്‍സാണ് ഡു പ്ലെസിസ് നേടിയത്.