ഐപിഎല്‍ മല്‍സരക്രമം പുതുക്കിയതോടെ വിദേശ താരങ്ങളുടെ ലഭ്യത സംബന്ധിച്ച് പല ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഇന്ത്യ–പാക്ക് സംഘര്‍ഷത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയവരില്‍ എത്രപേര്‍ തിരിച്ചെത്തുമെന്നാണ് ആശങ്ക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടക്കുന്നതും പ്രധാന താരങ്ങളുടെ ലഭ്യത തീരുമാനിക്കുന്ന ഘടകമാണ്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. പരിശീലനങ്ങള്‍ക്കായി മേയ് 26 ന് താരങ്ങള്‍ നാട്ടിലേക്ക് തിരിക്കണം എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയത്. ഇതോടെ താരങ്ങള്‍ക്ക് പ്ലേഓഫ് മല്‍സരങ്ങള്‍ നഷ്ടമാകുമായിരുന്നു. പുതിയ സാഹചര്യത്തില്‍ പരിശീലനം ജൂണ്‍ മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഇതോടെ കാഗിസോ റബാഡ, ഐഡൻ മാർക്രം, ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ക്ക് ഐപിഎല്ലില്‍ തുടരാനാകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായി ജൂണ്‍ മൂന്നിന് ദക്ഷിണാഫ്രിക്ക, സിംബാവെയുമായി സന്നാഹ മല്‍സരം നിശ്ചയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ മല്‍സരം റദ്ദാക്കാനോ നീട്ടാനോ സാധ്യതയുണ്ട്.
നേരത്തെയുള്ള കരാര്‍ പ്രകാരം മേയ് 26 വരെയാണ് താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാനുള്ള അവസരം. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ പോലും ഈ തീയതിയില്‍ പൂര്‍ത്തിയാകില്ല. മേയ് 17 ന് പുനരാരംഭിക്കുന്ന ഐപിഎല്ലിന്‍റെ ഫൈനല്‍ ജൂണ്‍ മൂന്നിനാണ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11-ന് ലോർഡ്സിൽ തുടങ്ങും.