Sunrisers Hyderabad's Ishan Kishan walks off the field after losing his wicket during the Indian Premier League cricket match between Sunrisers Hyderabad and Mumbai Indians at Rajiv Gandhi International Cricket Stadium in Hyderabad, India, Wednesday, April 23, 2025. (AP Photo/Mahesh Kumar A.)
ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുകളി നടക്കുന്നുവെന്നുള്ള വാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. മുന്‍താരങ്ങളടക്കം കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാജസ്ഥാന് റോയല്‍സിന് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബുധനാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സുമായി നടന്ന മല്‍സരത്തിനിടെ ഇഷാന് കിഷന് പുറത്തായ രീതിയാണ് മുന്‍ പാക് താരമായ ജുൈനദ് ഖാന്റെ ആരോപണത്തിന് പിന്നില്‍. ഇഷാന് പുറത്തായ വിഡിയോയ്ക്കൊപ്പം 'സംതിങ് സസ്പീഷ്യസ്' എന്നാണ് ജുനൈദ് കുറിച്ചത്.
ദീപക് ചഹര്‍ ബോള്‍ ചെയ്യുന്നതിനെ ലെഗ്സൈഡ് കളിക്കാന്‍ ഇഷാന് കിഷന് ശ്രമിച്ചെങ്കിലും പിഴച്ചു. പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കെ വിക്കറ്റ് കീപ്പര്‍ റിക്കല്റ്റന് പന്ത് കൈപ്പിടിയില്‍ ഒതുക്കിയത് കണ്ടതും ഇഷാന് ഡഗൗട്ടിലേക്ക് നടന്നുപോകുകയായിരുന്നു. അംപയര്‍ ഉള്‍പ്പടെ സ്തബ്ധനായി നില്‍ക്കുന്നത് റീ പ്ലേ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൈഡ് നല്‍കാനായി കൈ ഉയര്‍ത്തുന്ന അംപയര്‍ ഇഷാന് മടങ്ങിയതോടെ ഔട്ട് വിധിക്കുകയായിരുന്നു. അംപയറിന്റെ മുഖത്ത് നോക്കി വിശ്വാസം വരാതെ ചഹര്‍ ഓടി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. മുംബൈ ഇന്ത്യന്‍സ് അപ്പീലിന് ശ്രമിക്കുക പോലും ചെയ്യാതിരുന്നൊരു പന്തില്‍, നോട്ടൗട്ടായിട്ടും ഇഷാനെന്തിന് മടങ്ങിയെന്ന് ആരാധകര്‍ അന്നേ സമൂഹമാധ്യമങ്ങളില്‍ ചോദ്യമെറിഞ്ഞിരുന്നു.
ഐപിഎല്‍ ഈ സീസണില്‍ ഇതാദ്യമായല്ല ഒത്തുകളി വിവാദം ഉയരുന്നത്. അഡ്ഹോക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനി രാജസ്ഥാന് റോയല്‍സിനെതിരെ നേരത്തെ ഒത്തുകളി ആരോപിച്ചിരുന്നു. ലക്നൗവിനെതിരായ മല്‍സരത്തിലെ രണ്ടുറണ്‍സ് തോല്‍വി മനപൂര്വാണെന്നാണ് ബിഹാനി ആരോപിച്ചത്. സൂപ്പര്‍ ഓവറിലുള്പ്പടെ രാജസ്ഥാന് തോറ്റത് അത്ര നിഷ്കളങ്കമായി കാണേണ്ടതില്ലെന്നും വിമര്‍ശകര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ തള്ളിയ രാജസ്ഥാന് ബിഹാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
പാക് മുന്‍താരമായ തന്‍വീര്‍ അഹമ്മദും ഒത്തുകളി ആരോപണം കൊഴുപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലീഗാണ് ഐപിഎല്‍ എന്നാണ് ബിസിസിഐ പറയുന്നത്. അതേ, അത് സത്യവുമാണ്. എന്നാല്‍ വാതുവയ്പ് അതിലും വലിയതാണ്. വാതുവയ്പുകാരുടേതാണ് മിക്ക ടീമുകളും'- എന്നായിരുന്നു തന്‍വീര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്.