algeria-match-fixing

ഇറാനെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ അള്‍ജീരിയ– ഓസ്ട്രിയ മല്‍സരം ഒത്തുകളിച്ചെന്ന ആരോപണത്തിന് ശക്തിപകര്‍ന്ന് അള്‍ജീരിയന്‍ ക്യാപ്റ്റന്‍ റിയാദ് മഹ്‌റെസിന്‍റെ വാക്കുകള്‍. ഓസ്ട്രിയൻ കളിക്കാർ വേണ്ടത്ര ശ്രമം നടത്തുന്നില്ലായിരുന്നുവെന്നും അതാണ് തന്റെ രണ്ടാമത്തെ ഗോളിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മല്‍സരത്തിലുടനീളം അയഞ്ഞ മട്ടിലുണ്ടായ സമീപനങ്ങള്‍ ഒത്തുകളിയാണെന്നാണ് ഇറാന്‍ ആരാധകരുടെ ആരോപണം. മല്‍സരം 3-3 സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമുകളും നോക്കൗട്ടിലേക്ക് കടന്നു. 

മല്‍സരത്തില്‍ ഓസ്ട്രിയ ജയിച്ചിരുന്നെങ്കില്‍ ഇറാന് നോക്കൗട്ടിലേക്ക് മുന്നേറാമായിരുന്നു. ഫലം മറിച്ചായതോടെ ഇറാന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു. രണ്ടാം പകുതിയിൽ റിയാദ് നേടിയ രണ്ട് ഗോളുകള്‍ മല്‍സരം അള്‍ജീരിയയ്ക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാൽ ഇന്‍ജുറി ടൈമിൽ സാസ കാലാജ്‌ഡിച്ച് നേടിയ ഗോൾ ഓസ്ട്രിയയ്ക്ക് സമനില സമ്മാനിച്ചു. ഇരു ടീമുകളും മൂന്നു ഗോളുകളടിച്ചെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇറാന്‍ ആരാധകര്‍. 

ഒത്തുകളി ആരോപണം

മല്‍സരത്തിന് മുന്‍പ് അള്‍ജീരിയയും ഓസ്ട്രിയയും തമ്മില്‍ ധാരണയുണ്ടായിരുന്നതായാണ് സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍. അള്‍ജീരിയ ക്യാപ്റ്റന്‍ റിയാദ് മഹ്റെസ് ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടുന്നതിന് മുന്‍പ് ഇരു ടീമുകളും ചേർന്ന് നടത്തിയത് 110 പാസുകളാണ്. ലോകകപ്പ് വേദിയില്‍ എതിരാളികളിൽ നിന്നും യാതൊരു സമ്മർദ്ദവുമില്ലാതെ പാസിങ് നടത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനത്തിലൂടെയാണ് എന്നാണ് ആരോപണം. 

മല്‍സരത്തിന്‍റെ ഇന്‍ജുറി ടൈമിലാണ് റിയാദ് അല്‍ജീരിയയ്ക്കായി അവസാന ഗോൾ നേടുന്നത്. ഇതോടെ ഓസ്ട്രിയയെ പുറത്താകലിന്റെ വക്കിലെത്തി. ഗോൾ അടിച്ചതിന് ശേഷം അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡി വായ കൈകൊണ്ട് മറച്ചുപിടിച്ച് റിയാദിനോട് സംസാരിക്കുന്ന വിഡിയോയും ഓണ്‍ലൈനില്‍ പ്രചരിച്ചു. റിയാദ് ഗോൾ നേടിയ തൊട്ടുപിന്നാലെ ഓസ്ട്രിയയുടെ മാർക്കോ അർനാട്ടോവിച്ച് ദേഷ്യത്തോടെ അള്‍ജീരിയൻ ബെഞ്ചിനടുത്തേക്ക് എത്തുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം ഇറാനെ പുറത്താക്കാനായി ഉണ്ടായ ഡീലാണെന്നാണ് ആരോപണം. ഇരു ടീമുകളും ഗൂഢാലോചന നടത്തിയെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും ആരോപിച്ചിരുന്നു. 

റിയാദിന്‍റെ വാക്കുകള്‍ 

ഓസ്ട്രിയൻ കളിക്കാർ വേണ്ടത്ര ശ്രമം നടത്തുന്നില്ലായിരുന്നുവെന്നും അതാണ് തന്റെ രണ്ടാമത്തെ ഗോളിലേക്ക് നയിച്ചതെന്നുമാണ് അള്‍ജീരിയന്‍ ക്യാപ്റ്റന്‍ പറഞ്ഞത്. 'സത്യം പറഞ്ഞാൽ, അതൊരു വിചിത്രമായ സാഹചര്യമായിരുന്നു. ഞങ്ങള്‍ വിങ്ങുകളിലൂടെ കളിക്കുകയായിരുന്നു. അവർ പ്രതിരോധത്തിലായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ എനിക്ക് പാസ് വന്നു. മുന്നോട്ട് ഓടേണ്ടി വന്നു. ഫുട്ബോളിനെ ബഹുമാനിക്കേണ്ടതുണ്ട്. എനിക്ക് ഗോൾ നേടണമായിരുന്നു. അതിനായി ശ്രമിക്കണമായിരുന്നു. അതൊരു വിചിത്രമായ സാഹചര്യമാണെന്ന് എനിക്കറിയാം. പക്ഷേ ഇത് ഫുട്ബോൾ ആണ്. എനിക്ക് അതിനെ മാനിച്ചേ മതിയാകൂ' തന്‍റെ ഇന്‍ജുറി ടൈമിലെ ഗോളിനെ പറ്റി റിയാദ് പറഞ്ഞത് ഇങ്ങനെയാണ്. 

പിന്നെ അവര്‍ ഗോള്‍ നേടുകയും യോഗ്യത നേടുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും യോഗ്യത നേടി. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും റിയാദ് പറഞ്ഞു. എന്നാൽ ടീമിനെതിരായ എല്ലാ ആരോപണങ്ങളും ഓസ്ട്രിയൻ ഹെഡ് കോച്ച് റാൽഫ് റാങ്‌നിക് നിഷേധിച്ചിരുന്നു. എക്സ്ട്രാ ടൈമിലെ രണ്ട് ഗോളുകള്‍ ഇരു ടീമുകളും എത്രത്തോളം ജയിക്കാനായി കളിച്ചു എന്ന് കാണിക്കുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ENGLISH SUMMARY:

Allegations of match-fixing have emerged following a 3-3 draw between Algeria and Austria that resulted in Iran's elimination from the World Cup. Suspicion intensified after Algerian captain Riyad Mahrez noted the lack of defensive intensity from Austrian players, while viral clips of player interactions further fueled rumors of a pre-arranged outcome. Both teams ultimately qualified for the knockout stages, leading Iranian officials and fans to accuse them of conspiring to knock Iran out of the tournament. Austrian head coach Ralf Rangnick has strongly denied these claims, asserting that the intense nature of the match proves both teams were competing to win.