ഫുട്ബോൾ പ്രേമികള്‍ക്ക് ആവേശമായി യുവേഫ നേഷൻസ് ലീഗ് നോക്കൗട്ടിന് കളമൊരുങ്ങി! ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ആരാധകരെ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങള്‍. ക്വാർട്ടറിലെ ഏറ്റവും വലിയ മല്‍സരത്തില്‍ ലോക ചാംപ്യന്മാരായ സ്പെയിൻ, കരുത്തരായ ഫ്രാൻസിനെ നേരിടും! 2021-ലെ ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ച ശേഷം ഇതുവരെ ഫ്രാൻസിന് സ്പെയിനിനെ കീഴടക്കാനായിട്ടില്ല. ഈ വർഷത്തെ ലോകകപ്പ് സെമി ഫൈനലിലടക്കം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സ്പെയിനാണ് വിജയിച്ചത്. ഫ്രാൻസിന് ഇത് മധുരപ്രതികാരത്തിനുള്ള അവസരമാണ്.
നിലവിലെ ചാംപ്യന്മാരായ പോർച്ചുഗലിന് നെതർലൻഡ്‌സാണ് എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങുന്ന പോർച്ചുഗലിന്, 2019-ലെ ആദ്യ നേഷൻസ് ലീഗ് ഫൈനലിലും ഡച്ച് പടയെ തോൽപ്പിച്ച ചരിത്രമുണ്ട്. നേർക്കുനേർ വന്ന 14 മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് നെതർലൻഡ്‌സിന് പോർച്ചുഗലിനെ തോൽപ്പിക്കാനായത്. ഈ പോരാട്ടത്തിലെ വിജയികൾ സെമിയിൽ സ്പെയിൻ-ഫ്രാൻസ് ക്വാര്‍ട്ടറിലെ വിജയികളെ നേരിടും.
Also read: മെസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ കൗമാരക്കാരന്‍, ഇംഗ്ലണ്ട് U21 ടീമിൽ റെക്കോർഡിട്ട് മാക്സ് ഡോർമാൻ
മറ്റൊരു ആവേശപ്പോരാട്ടത്തിൽ എർലിംഗ് ഹാളണ്ടിന്റെ നോർവേ, ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ നേരിടും. ഈ വർഷത്തെ ലോകകപ്പ് ക്വാർട്ടറിൽ നോർവേയെ എക്സ്ട്രാ ടൈമിൽ തോൽപ്പിച്ച ഇംഗ്ലണ്ടിനെതിരെ കണക്കുതീർക്കാനാകും ഹാളണ്ടും സംഘവും ഇറങ്ങുക. നേഷൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഹാളണ്ടിന്റെ (25 ഗോളുകൾ) ചിറകിലേറിയാണ് നോർവേയുടെ കുതിപ്പ്. ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകളിൽ ഇതുവരെ നേഷന്‍സ് ലീഗ് സെമി കളിച്ചിട്ടില്ലാത്ത ഏക ടീമാണ് നോർവേ. മറുവശത്ത്, സീസണിലെ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ (8 ഗോളുകൾ) മികവിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ജർമ്മനിക്ക് അയൽക്കാരായ ബെൽജിയമാണ് എതിരാളികൾ. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം എക്കാലവും ആവേശകരമാണ്. ഈ മത്സരത്തിലെ വിജയികൾ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട്-നോർവേ വിജയികളുമായി ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മാർച്ച് 25 മുതൽ 30 വരെ രണ്ട് പാദങ്ങളിലായി നടക്കും. സെമി ഫൈനലുകൾ ജൂൺ 9, 10 തീയതികളിലും, കലാശപ്പോരാട്ടം ജൂൺ 13-നും അരങ്ങേറും.
നേഷന്‍സ് ലീഗ് നോക്കൗട്ട് മല്‍സരക്രമം
ക്വാര്‍ട്ടര്‍ ഫൈനല്‍ 1: സ്പെയിന്‍ v ഫ്രാന്‍സ്
ക്വാര്‍ട്ടര്‍ ഫൈനല്‍ 2: ഇംഗ്ലണ്ട് v നോര്‍വേ
ക്വാര്‍ട്ടര്‍ ഫൈനല്‍ 3: പോര്‍ച്ചുഗല്‍ v നെതര്‍ലന്‍ഡ്സ്
ക്വാര്‍ട്ടര്‍ ഫൈനല്‍ 4: ജര്‍മനി v ബെല്‍ജിയം
സെമി ഫൈനല്‍ A: മൂന്നാം ക്വാര്‍ട്ടറിലെ വിജയി v ഒന്നാം ക്വാര്‍ട്ടറിലെ വിജയി
സെമി ഫൈനല്‍ B: നാലാം ക്വാര്‍ട്ടറിലെ വിജയി v രണ്ടാം ക്വാര്‍ട്ടറിലെ വിജയി
ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദം: മാര്‍ച്ച് 25-27
ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദം: മാര്‍ച്ച് 28-30
സെമി ഫൈനല്‍സ്: ജൂണ്‍ 9-10
മൂന്നാസ്ഥാനത്തിനുള്ള പ്ലേ ഓഫ്: ജൂണ്‍ 13
ഫൈനല്‍: ജൂണ്‍ 13