ImageCredit/X/@MotivacionesF

  • മരണശേഷവും പ്രിയപ്പെട്ട ക്ലബ്ബിനൊപ്പം തുടരാം. ചിതാഭസ്മം സൂക്ഷിക്കാം, സ്മരണികാ ഫലകങ്ങൾ സ്ഥാപിക്കാം. നിരവധി ആരാധകരും ക്ലബ്ബിലെ മുൻ താരങ്ങളും താല്‍പര്യം പ്രകടിപ്പിച്ചതായി ബാഴ്സ

മരണശേഷവും  പ്രിയപ്പെട്ട ക്ലബ്ബിനൊപ്പം തുടരാൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് സ്പാനിഷ് ക്ലബ് ബാർസലോന. ലയണൽ മെസി വരെ പന്ത് തട്ടിയ ക്യാംപ് നൗവിൽ ചിതാഭസ്മം സൂക്ഷിക്കാനും സ്മരണികാ ഫലകങ്ങൾ സ്ഥാപിക്കാനുമായി 26,000 ഇടങ്ങളുള്ള പ്രത്യേക സ്മാരകമാണ് ക്ലബ്ബ് ഒരുക്കുന്നത്. 2027 മുതൽ പദ്ധതി ഘട്ടംഘട്ടമായി യാഥാർഥ്യമാകും.

Also Read: 985 ഗോളുകളുടെ രാജാവില്ലാതെ പോര്‍ച്ചുഗല്‍; റൊണാള്‍ഡോയും ഗോള്‍ വന്ന വഴിയും

‘മെമ്മോറിയൽ എഫ്‌സി ബാർ‌സലോണ’ എന്ന് പേരിട്ടിരിക്കുന്ന 1,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്മാരകത്തിൽ ചിതാഭസ്മം സൂക്ഷിക്കാനുള്ള 26,000 അറകളും സ്മരണികാ ഫലകങ്ങൾ സ്ഥാപിക്കാനുള്ള പ്രത്യേക ഇടങ്ങളുമുണ്ടാകും. രണ്ട് രീതികളിലാണ് ആരാധകർക്ക് സ്മാരകത്തിന്റെ ഭാഗമാകാൻ കഴിയുക. പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പ്രത്യേക അറകളിൽ സൂക്ഷിക്കാം. 

Also Read: IND- NZ നാലാം ഏകദിനം; ഗില്ലും രാഹുലും ഇല്ല! ഇന്ത്യയ്ക്ക് ടോസ്, മൂന്ന് മാറ്റങ്ങള്‍

അല്ലെങ്കിൽ അവരുടെ പേരും വ്യക്തിഗത സന്ദേശവും ആലേഖനം ചെയ്ത സ്മരണികാ ഫലകം സ്ഥാപിക്കാം. ലോകത്ത് എവിടെ നിന്നുമുള്ള ബാർസ ആരാധകർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി ക്ലബ്ബിൽ അംഗത്വം വേണമെന്ന നിബന്ധനയുമില്ല. 10, 25, 50 വർഷ കാലയളവുകളിലേക്കുള്ള കരാറുകളാണ് ചിതാഭസ്മം സൂക്ഷിക്കുന്നതിനായി ലഭ്യമാകുക. പത്തുവർഷത്തേക്ക് 2.59 ലക്ഷം രൂപയാണ് ചെലവ്. 25 വർഷത്തേക്ക് ഏകദേശം 5.19 ലക്ഷം രൂപയും 50 വർഷത്തേക്ക് 6.23 ലക്ഷം രൂപയുമാണ് നിരക്ക്. ഇതിന് പുറമെ പ്രതിവർഷം ഏകദേശം 7,284 രൂപ മെയിന്റനൻസ് ഫീ ആയി നൽകണം.

സ്മരണികാ ഫലകങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിരക്ക് 10 വർഷത്തേക്ക് ഏകദേശം 50,987 രൂപ മുതലാണ്. 50 വർഷത്തേക്കുള്ള പ്രീമിയം ഫലകത്തിന് ഏകദേശം 1.08 ലക്ഷം രൂപയാണ് വില. പ്രശസ്ത ആർക്കിടെക്ട് ക്വിക്ക് മൊണ്ടോയ രൂപകൽപ്പന ചെയ്യുന്ന സ്മാരകത്തിൽ ആധുനിക ശൈലിയിലുള്ള ഇന്റീരിയറുകളും പ്രകാശസംവിധാനവും ഉണ്ടായിരിക്കും. ബാർസയുടെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ചിത്രീകരിക്കുന്ന വലിയ ചുമർചിത്രങ്ങളും സ്മാരകത്തിന്റെ ഭാഗമാകും.

രണ്ട് ഘട്ടങ്ങൾ ആയാണ് നിർമാണം പൂർത്തിയാക്കുക. ആദ്യഘട്ടം 2027 അവസാനത്തോടെ പ്രവർത്തനം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടം 2028 പകുതിയോടെ പൂർത്തിയാക്കും. നിരവധി ആരാധകരും ക്ലബ്ബിലെ മുൻ താരങ്ങളും ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെ ബന്ധുക്കളും ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി ബാഴ്സ പറയുന്നു.

 

A Final Resting Place at Barcelona; Cost: ₹6.23 Lakh:

The Spanish club Barcelona is offering fans the chance to remain with their beloved club even after death. The club is developing a special memorial featuring 26,000 spaces at Camp Nou, the stadium where even Lionel Messi once played. This space will be used to house cremated remains and install commemorative plaques. The project will be implemented in phases, starting from 2027