ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മാനേജര്‍മാരുടെ ശനിദശ തുടരുന്നു. സര് അലക്സ് ഫെര്ഗൂസന് ശേഷം അകാലത്തില്‍ പരിശീലകസ്ഥാനം ഒഴിയേണ്ടിവന്ന ഏഴാമത്തെയാളാണ് മൈക്കല്‍ കാരിക്ക്. സർ അലക്സ് ഫെർഗൂസൻ 26 വർഷം കൊണ്ട് കെട്ടിപ്പടുത്ത വിജയസാമ്രാജ്യം തകര്‍ച്ചയില്‍ നിന്ന് കരയറുന്നില്ല. പേരുകൾ മാറി, തന്ത്രങ്ങൾ മാറി, കോടികൾ ചെലവഴിച്ചു. പക്ഷേ പ്രീമിയർ ലീഗ് കിരീടം മാത്രം അകലെ.
ഫെർഗൂസൻ 2013-ൽ പടിയിറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും ശക്തമായ ക്ലബ്ബുകളിലൊന്നായിരുന്നു. 38 പ്രധാന ട്രോഫികൾ നേടിയ മാഞ്ചര്‍ യുണൈറ്റഡിന് ഇന്ന് പേരിനൊന്നുപോലുമില്ല. ഫെർഗൂസനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏഴ് സ്ഥിരം മാനേജർമാരാണ് ഉണ്ടായത്. ഡേവിഡ് മോയസ് മുതൽ മൈക്കൽ കാരിക്ക് വരെ നീളുന്ന പട്ടിക. ഇതിനുപുറമേ ഇടക്കാല ചുമതല വഹിച്ച പരിശീലകരുമുണ്ട്.
ലൂയി വാന്‍ഗാലിന്റെ കാലത്ത് എ.എ. കപ്പ് നേടിയിരുന്നു. പിന്നീട് വന്ന ഹൊസെ മൗറീന്യോയുടെ പരിശീലനത്തില്‍ യൂറോപ്പ ലീഗ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ നേടി. 2017–18-ൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനവും. എന്നാൽ കളിക്കാരുമായും ക്ലബ് നേതൃത്വവുമായുമുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പുറത്തായി. മുൻ യുണൈറ്റഡ് താരംകൂടിയായ ഒലെ ഗണ്ണർ സോൾഷെയർ 2020–21-ൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നേടി. യൂറോപ്പ ലീഗ് ഫൈനലും. കിരീടമില്ലാതെ മൂന്ന് വർഷം പൂർത്തിയാക്കിയ അദ്ദേഹം 2021 നവംബറിൽ പുറത്തായി.
എറിക് ടെൻ ഹാഗ് വന്ന് ആദ്യ സീസണിൽ ലീഗ് കപ്പ്. രണ്ടാം സീസണിൽ എഫ്.എ. കപ്പ്. എന്നാൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തേക്ക് വീണതും ടീമിന്റെ സ്ഥിരതയില്ലായ്മയും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണിയായി. 2024 ഒക്ടോബറിൽ പുറത്താക്കി. പിന്നെവന്ന പോർച്ചുഗീസ് പരിശീലകന് റൂബൻ അമോറിമും ഗതിപിടിച്ചില്ല. പ്രീമിയർ ലീഗിലെ മോശം പ്രകടനവും തന്ത്രപരമായ പരീക്ഷണങ്ങളുടെ പരിമിതികളും തിരിച്ചടിയായി. ഈ വര്‍ഷം ജനുവരിയില്‍ പുറത്തായി.
മൈക്കല്‍ കാരിക്ക് തുടക്കത്തിലെ മികച്ച മുന്നേറ്റത്തിലൂടെ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കുകയും ചെയ്തു. എന്നാൽ പുതിയ സീസണിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കൊടുവിൽ ഇതാ പുറത്ത്. 29 മത്സരങ്ങളില്‍ 14 ജയം,7 സമനില, 8 തോൽവിയുമാണ് കാരിക്കിന്റെ കണക്കുപുസ്തകത്തില്‍.
സ്ഥിരം മാനേജർമാരുടെ പട്ടികയ്ക്കു പുറമേ, ഇടക്കാല ചുമതല ഏറ്റെടുത്തവരെയും കണക്കിലെടുക്കണം. 2014 ല്‍ റയാൻ ഗിഗ്സ് 2021 മൈക്കല്‍ കാരിക്ക് 2022 ല്‍ റാൽഫ് റാങ്നിക് 2024 ല്‍ റൂഡ് വാൻ നിസ്റ്റൽറൂയ് ഈ വര്‍ഷം ഡാരൻ ഫ്ലെച്ചർ എന്നിവരും വന്നുപോയി. ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഫെർഗൂസൻ 2013-ൽ വിരമിച്ചതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പ്രീമിയർ ലീഗ് കിരീടം പോലും നേടാനായിട്ടില്ല എന്നതാണ്.
ഓരോ പരിശീലകനും സ്വന്തം ശൈലിയുണ്ടായിരുന്നു. അതേസമയം ക്ലബ്ബിന് ദീർഘകാല പദ്ധതി ഉണ്ടായതുമില്ല. മുന്‍ ടോട്ടനം പരിശീലകന് മൗറിഷ്യോ പോച്ചെറ്റിനോയെയാണ് പകരക്കാരനായി എത്തുന്നത്. ഇനി അദ്ദേഹത്തിന് യുണൈറ്റഡിനെ എത്രത്തോളം ഒരുമിപ്പിച്ച് കൊണ്ടുപോകാനാകും എന്നാണ് കാണേണ്ടത്.