ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെറുമൊരു ഫുട്ബോള്‍ താരമല്ല. 23വര്‍ഷമായി അയാള്‍ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായി ഹൃദയത്തിലുണ്ട്. ക്രിസ്റ്റ്യാനോ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയത് ഗോള്‍ നേടിക്കൊണ്ട് മാത്രമല്ല, തോല്‍ക്കാന്‍ മനസില്ലാത്ത മനോഭാവം കൊണ്ടാണ്. ക്രിസ്റ്റ്യാനോ ഇല്ലാതെ നേഷന്‍സ് ലീഗിന് പോര്‍ച്ചുഗല്‍ ഇറങ്ങുമ്പോള്‍ അയാള്‍ തീര്‍ത്ത 985 ഗോളാരവങ്ങള്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം.
ആയിരം ഗോളുകളിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുതിക്കുകയാണ്… ഇനി 15 ഗോളുകളുടെ അകലം മാത്രം:
വലതുകാൽ കൊണ്ട് ബുള്ളറ്റ് ഷോട്ട് പായിക്കും, ഇടതുകാൽ കൊണ്ട് അത്ഭുതം തീർക്കും. തലകൊണ്ട് വായുവിൽ പറന്ന് പന്തിനെ വലയിലെത്തിക്കും. ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടുകൾ… ഡയറക്ട് ഫ്രീകിക്കുകൾ… ഗോൾ നേടാനുള്ള വഴികൾ അയാൾക്ക് അനവധി.… ഓരോ ഗോളിലും ആരാധകർക്ക് ആവേശം… ഓരോ ആഘോഷത്തിലും ചരിത്രത്തിന്റെ തുടർച്ച. ഇന്‍സൈഡ് ബോക്സില്‍ നിന്നായിരുന്നു അധിക ഗോളും. 985ല്‍ 184 ഗോളുകള്‍ പെനല്‍റ്റിയായിരുന്നു. പെനല്‍റ്റിയിലൂടെ അല്ലാത്ത ഗോളുകള്‍ 801. 60 ഗോളുകള്‍ റൊണാള്‍ഡോ നേടിയത് ഡയറക്‌ട് ഫ്രീകിക്കിലൂടെയാണ്.
ഹെഡറുകളാണ് റൊണാള്‍ഡോയുടെ പ്രത്യേകത. നിന്ന നിൽപ്പിൽ ഉയർന്നു ചാടാന്‍ ക്രിസ്റ്റ്യാനോയെ സഹായിക്കുന്നത് ശാരീരികമായ പ്രത്യേകതകളും പ്രത്യേകമായ പരിശീലനവുമാണ്. 160 ഗോളുകളാണ് റൊണാള്‍ഡോ വായുവില്‍ നിന്ന് ചെത്തിയിട്ടത്.
വലംകാല്‍ ആണ് റൊണാള്‍ഡോയുടെ ശക്തി. 64 ശതമാനം ഗോളുകളും വലംകാലില്‍ നിന്ന് പിറന്നതാണ്. 635 ഗോളുകള്‍. ഇടംകാലില്‍ നിന്ന് 19 ശതമാനം ഗോളുകളും .187 ഗോളുകള്‍. വീക്ക്ഫുട്ടില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും നിലവില്‍ റൊണാള്‍ഡോയ്ക്കാണ്. കരിയറിലാകെ 67 ഹാട്രിക്.
30 വയസ്സിന് മുമ്പ് നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ 30 വയസ്സിന് ശേഷമാണ് അയാൾ നേടിയത്. 30 വയസ്സിനു മുൻപ് നേടിയത് 463 ഗോളുകൾ. 900 ഗോളുകൾ പിന്നിട്ട ആദ്യ ഫുട്ബോൾ താരം. ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ. സ്പോര്‍ട്ടിങ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്… റയൽ മഡ്രിഡ്… യുവന്റസ്… അൽ നസർ… ജേഴ്സികൾ മാറി, മൈതാനങ്ങൾ മാറി, എതിരാളികൾ മാറി. പക്ഷേ, മാറാത്തത് ഒന്നുമാത്രം… ആ മനുഷ്യന്റെ ഗോൾദാഹം!
പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തലകുനിക്കാതെ എങ്ങനെ നില്‍ക്കണമെന്ന് ആയാള്‍ കാണിച്ചുതന്നു. തോറ്റുപോയെന്ന് കരുതി യാത്ര അവസാനിപ്പിക്കരുതെന്ന് പഠിപ്പിച്ചു. വിജയം ഭാഗ്യംകൊണ്ട് മാത്രമല്ല, അതിന് പിന്നില്‍ കഠിനാധ്വാനം പ്രധാനമെന്ന് പഠിപ്പിച്ചു. പ്രതിഭയുണ്ടായാല്‍ മാത്രം പോരാ, ആ പ്രതിഭ നിലനിര്‍ത്താന്‍ ജീവിതംതന്നെ സമര്‍പ്പിക്കണമെന്ന് കാണിച്ചുതന്നു. വിമര്‍ശനങ്ങളിലും പരിഹാസങ്ങളിലും തളര്‍ന്നില്ല, കാരണം അയാളുടെ ഉള്ളിലെ ജ്വലിക്കുന്ന പോരാളിതന്നെ.
രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരം. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം രാജ്യാന്തര ഗോളുകൾ നേടിയ താരം. 7 കലണ്ടർ വർഷങ്ങളിൽ തുടർച്ചയായി 50 ലേറെ ഗോൾ നേടിയ ഏകതാരം. ഫിഫ്പ്രോ ലോക ഇലവനിൽ ഏറ്റവുമധികം തവണ ഇടംനേടിയ ഫുട്ബോളർ. അത്യുന്നതങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; ഭൂമിയിൽ ആരാധകർക്ക് ആനന്ദം.