"പോർച്ചുഗലിലെ ജനങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപ്പിക്കാനുള്ള സമയം വന്നിരിക്കുന്നു. ആ ജഴ്സി എന്റേതു മാത്രമാണെന്ന് ഒരിക്കലും കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് ധരിക്കാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ പോർച്ചുഗലിനായി അണിയാനും കഴിഞ്ഞത് വലിയൊരു ഭാഗ്യവും ഉത്തരവാദിത്വവുമായിരുന്നു.ഇപ്പോൾ ആ ജഴ്സി ഭാവി തലമുറയ്ക്ക് കൈമാറേണ്ട സമയമായിരിക്കുന്നു. അത്ര എളുപ്പത്തിൽ എടുത്ത തീരുമാനമല്ല ഇത്. കാരണം ചില തീരുമാനങ്ങൾ മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയംകൊണ്ടും എടുക്കേണ്ടിവരും.2003 ഓഗസ്റ്റിൽ ആരംഭിച്ച യാത്ര എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ യാത്രയ്ക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്," –ക്രിസ്റ്റാന്യോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം സന്ദേശത്തില്‍ പറഞ്ഞു. 

വെള്ളിയാഴ്ച നേഷൻസ് ലീഗിലെ നവംബർ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനം. ഡെൻമാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ ഒരു മത്സരം. മറ്റൊന്ന് വെയിൽസിനെതിരെയും. റൊണാള്‍ഡോയുടെ  23 വര്‍ഷത്തെ രാജ്യാന്തര കരിയറിനാണ് സമാപനമാകുന്നത്. പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് നേഷന്‍ ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെ മത്സരം കഴിയുംമുന്‍പ് ടീം ക്യാംപ് വിട്ടിരുന്നു. പിന്നീട് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ റോണാള്‍ഡോയ്ക്കെതിരെ നാമമാത്രമായ നടപടിയെടുക്കുകയും ചെയ്തിരുന്നു. തിരികെ വരുമെന്ന് റോണാള്‍ഡോ പറയുകയും ചെയ്തു. അതിനിടെയാണ് അപ്രതീക്ഷിതമായ വിടവാങ്ങല്‍ പ്രഖ്യാപനം.

പോർച്ചുഗലിനായി 234 മത്സരങ്ങളിൽ  146 ഗോളുകൾ . കരിയറിലല്‍ 985 ഗോളുകള്‍ നേടിയ അദ്ദേഹം ആയിരം ഗോളുകള്‍ തികയ്ക്കാന്‍ ഏറെ ആഗ്രിക്കുന്നു. സൗദി ക്ലബ്ബായ അല്‍നസറിന് വേണ്ടി അദ്ദേഹം തുടരും. ക്രിസ്റ്റ്യാനോയുടെ മഹത്തായ കരിയറിന് അർഹമായ ആദരം നല്‍കുമെന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ . രാജ്യത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ താരത്തെ ആരാധകർക്കും രാജ്യത്തിനും ഒരിക്കൽക്കൂടി കൈയടികളോടെ ആദരിക്കാനും ആഘോഷിക്കാനും അവസരമൊരുക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ഇനി യാത്ര ആ നേട്ടത്തിലേക്ക്, ആയിരം ഗോളിലേക്ക്

സി.ആര്‍.സെവന്‍ പോര്‍ച്ചുഗല്‍ ടീമില്‍ നിന്നാണ് വിരമിച്ചത്. അല്‍നസറിനായി അദ്ദേഹം തുടരും. സ്പോർട്ടിങ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകളിലെ ശ്രദ്ധേയമായ അധ്യായങ്ങൾ ഉൾപ്പെടുന്നതാണ് റൊണാൾഡോയുടെ ഫുട്ബോൾ ജീവിതം. കരിയറിൽ 1,000 ഗോളുകൾ എന്ന ചരിത്രനേട്ടത്തിലെത്തുകയാണ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന ലക്ഷ്യം.  2024-ലായിരുന്നു 900 ഗോള്‍ എന്ന ചരിത്രനേട്ടം. ക്രൊയേഷ്യയ്‌ക്കെതിരായ പോർച്ചുഗലിന്റെ മത്സരത്തിൽ ഗോൾ നേടിയതോടെ സീനിയർ ഫുട്ബോളിൽ 900 ഗോളുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി. ഇപ്പോൾ ആകെ ഗോളുകളുടെ എണ്ണം 985 . അതായത് ചരിത്രത്തിൽ ആദ്യമായി 1,000 കരിയർ ഗോളുകൾ നേടുന്ന താരമാകാൻ ഇനി 15 ഗോളുകൾ മാത്രം.

 

ക്ലബ്ബുകൾക്കും ദേശീയ ടീമിനുമായി നേടിയ ഗോളുകള്‍

സ്പോർട്ടിങ് ലിസ്ബൺ – 5

റയൽ മഡ്രിഡ് – 450

മാഞ്ചസ്റ്റർ യുണൈറ്റഡ് – 145

യുവന്‍റസ് – 101

അൽ നസര്‍ – 138

പോർച്ചുഗൽ – 146

ആകെ – 985 

ക്ലബ്ബുകളില്‍ നിന്ന് ക്ലബ്ബുകളിലേക്ക് , ഇംഗ്ലണ്ടിലെ തേരോട്ടങ്ങള്‍

സ്പോർട്ടിങ് ലിസ്ബണിന്റെ സീനിയർ ടീമിനായി 31 മത്സരങ്ങളിൽ കളിച്ച് അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോയുടെ കഴിവ് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചറിഞ്ഞത് 2003-ലെ ഒരു പ്രീ സീസൺ സൗഹൃദ മത്സരത്തിലൂടെയായിരുന്നു. ലിസ്ബണിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് 3-1ന് യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ റൊണാൾഡോയുടെ പ്രകടനം യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസനെ ആകർഷിച്ചു. 12 ദശലക്ഷം പൗണ്ടിന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. 

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ സീസണിൽ തന്നെ റൊണാൾഡോ എഫ്.എ. കപ്പ് നേടി. മിൽവാളിനെതിരായ ഫൈനലിൽ ഗോളും നേടി. എന്നാൽ 2006-07 സീസണിലാണ് റൊണാൾഡോയുടെ കരിയർ പുതിയ ഉയരങ്ങളിലെത്തിയത്. പ്രീമിയർ ലീഗിൽ 17 ഗോളുകൾ ആ വർഷത്തെ മികച്ച താരത്തിനും മികച്ച യുവതാരത്തിനുമുള്ള പുരസ്കാരങ്ങളും റൊണാൾഡോ സ്വന്തമാക്കി. ആദ്യ ലീഗ് കിരീടവും ഇതേ സീസണിലായിരുന്നു. അടുത്ത സീസൺ അതിലും മികച്ചതായി. ആദ്യ ചാംപ്യൻസ് ലീഗ് കിരീടം നേടി. ഫൈനലിൽ ഗോളും നേടി. 

യൂറോപ്പിലെ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ഷൂ പുരസ്കാരവും മറ്റൊരു ലീഗ് കിരീടവും സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ കാലയളവിൽ 292 മത്സരങ്ങളിൽനിന്ന് 118 ഗോളുകളാണ് റൊണാൾഡോ നേടിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു പോർട്ടോയ്‌ക്കെതിരായ ഗോൾ. 40 വാര അകലെനിന്ന് തൊടുത്ത ഷോട്ട് വലയുടെ മുകൾമൂലയിലെത്തി. യുണൈറ്റഡിന് സെമിഫൈനലിലേക്ക് വഴിയൊരുക്കിയ ഗോളായിരുന്നു അത്. ഫിഫയുടെ പ്രഥമ പുഷ്കാസ് പുരസ്കാരവും ആ ഗോളിനാണ് ലഭിച്ചത്. വർഷത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള അംഗീകാരമായിരുന്നു ഇത്. 

ലാ ലിഗയിലെ വസന്തകാലം

പുഷ്കാസ് പുരസ്കാരം നേടി  മാസങ്ങൾക്കുശേഷം 80 ദശലക്ഷം പൗണ്ടിന്റെ റെക്കോർഡ് തുകയ്ക്ക് റൊണാൾഡോ റയൽ മഡ്രിഡിലെത്തി. ആദ്യ സീസണിൽ കിരീടങ്ങളൊന്നും നേടാൻ  കഴിഞ്ഞില്ല. രണ്ടാം സീസണിൽ കോപ്പ ഡെൽ റേ കിരീടം മാത്രമാണ് സ്വന്തമാക്കിയത്. എന്നാൽ ആ ഫൈനൽ റൊണാൾഡോയുടെ കരിയറിലെ നിർണായക നിമിഷമായി. ഒരു ഫൈനലിൽ വിജയഗോൾ നേടുന്നത് ആദ്യമായിട്ടായിരുന്നു. അതും ചിരവൈരികളായ ബാര്‍സലോനയ്ക്കെതിരെ.18 ദിവസത്തിനിടെ നടന്ന നാല് എൽ ക്ലാസിക്കോ മത്സരങ്ങളിൽ ഒന്നായിരുന്നു ഫൈനൽ.

എക്സ്ട്രാ ടൈമിൽ അര്‍ജന്‍റീനയുടെ ഏയ്ഞ്ചൽ ഡി മരിയയുടെ ക്രോസിൽനിന്ന് ഉയർന്നുചാടി തലകൊണ്ട് പന്ത് വലയിലെത്തിച്ച റൊണാൾഡോ റയലിന് 1-0ന്റെ വിജയം സമ്മാനിച്ചു. 2015 ഒക്ടോബറിൽ ലെവാന്റെയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിലും റൊണാൾഡോ ഗോൾ നേടി. റയൽ മഡ്രിഡിനായി 310 മത്സരങ്ങളിൽനിന്ന് 324 ഗോളുകൾ തികച്ചതോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാറി. 2015-16 സീസണോടെ തുടർച്ചയായ ആറാം സീസണിലും എല്ലാ മത്സരങ്ങളിലുമായി 50-ലധികം ഗോളുകൾ നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. പിന്നീട് ആ റെക്കോർഡിലേക്ക് 126 ഗോളുകൾ കൂടി കൂട്ടിച്ചേർത്തു. റയൽ മഡ്രിഡിനായി 438 മത്സരങ്ങളിൽനിന്ന് 450 ഗോളുകളുമായാണ് ക്ലബ്ബിനോട് വിടപറഞ്ഞത്. 

പോര്‍ച്ചുഗലിനായി ഒരു കിരീടം

പോര്‍ച്ചഗലിനായി സി.ആര്‍.സെവന്‍ ലോകകപ്പ് നേടുമെന്ന് എത്രയോതവണ ആരാധാകരന്‍ പ്രതീക്ഷിച്ചു. അതുണ്ടായില്ല. ഇനി ഉണ്ടാവുകയുമില്ല. എന്നാലൊരിക്കല്‍ സ്വന്തം രാജ്യത്തിനായി ഒരുകിരീടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2016-ൽ ഫ്രാൻസിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ 1-0ന് തോൽപ്പിച്ച് പോർച്ചുഗൽ കിരീടം നേടി. ഫൈനലിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റ് കണ്ണീരോടെ പുറത്തുപോയെങ്കിലും പിന്നീട് പരിശീലകന്റെ റോളിലാണ് റൊണാൾഡോ ടീമിനെ സഹായിച്ചത്. ടൂർണമെന്റിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ റൊണാൾഡോ ടൂർണമെന്റിലെ മികച്ച ടീമിലും ഇടംപിടിച്ചു. യൂറോപ്യൻ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായാണ് റൊണാൾഡോ ഇപ്പോൾ വിരമിക്കുന്നത്. 14 ഗോളുകളാണ് യൂറോയിൽ താരത്തിന്റെ സമ്പാദ്യം. 

ബലന്‍ ദ് ഓർ  അഞ്ചുതവണ

2016-17 സീസണിൽ റയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗും ലാ ലിഗയും നേടിയതിനു പിന്നാലെയാണ് റൊണാൾഡോ അഞ്ചാം ബലന്‍ ദ് ഓർ പുരസ്കാരം സ്വന്തമാക്കിയത്. അന്ന് ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്ക് കഴിഞ്ഞു. യുവന്റസിനെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിൽ രണ്ട് ഗോളുകൾ നേടുകയും ചെയ്തു. 2008, 2013, 2014, 2016 വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് റൊണാൾഡോ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്. എന്നാൽ പിന്നീട് മെസ്സി മൂന്ന് ബലന്‍ ദ് ഓർ  കൂടി സ്വന്തമാക്കി. ഇതോടെ  മെസ്സി 8-5ന് മുന്നിലെത്തി. 

ചാംപ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യതാരം

2016-17 ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയൺ മ്യൂണിക്കിനെതിരെ ഹാട്രിക് നേടിയതോടെയാണ് റൊണാൾഡോ ചരിത്രം കുറിച്ചത്. ചാംപ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ താരമായി. പിന്നീട് ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയും മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ് ടൂർണമെന്റിൽ 187 മത്സരങ്ങളിൽനിന്ന് 141 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇതും റെക്കോർഡാണ്. 

തുടർച്ചയായ ആറു സീസണുകളിൽ ചാംപ്യൻസ് ലീഗിലെ ടോപ് സ്കോറർ അല്ലെങ്കിൽ സംയുക്ത ടോപ് സ്കോററായിരുന്നു റൊണാൾഡോ. 2018-ൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നുണ്ടായി. ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെയായിരുന്നു ആ ഗോൾ. വായുവിലേക്ക് ഉയർന്നുചാടി അസാമാന്യമായ മെയ്‌വഴക്കത്തോടെ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. റൊണാൾഡോയുടെ പ്രകടനത്തിൽ മതിപ്പുതോന്നിയ യുവന്റസ് ആരാധകർ പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു. 

മാസങ്ങൾക്കുശേഷം റൊണാൾഡോ യുവന്റസിന്റെ താരമായി മാറുകയും ചെയ്തു. ആ ഗോളിന് പുഷ്കാസ് പുരസ്കാരത്തിനുള്ള നാമനിർദേശവും ലഭിച്ചു. എന്നാൽ ലിവർപൂളിനായി എവർട്ടണെതിരെ മുഹമ്മദ് സലാ നേടിയ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. റൊണാൾഡോ രണ്ടാം സ്ഥാനത്തെത്തി. റയൽ മഡ്രിഡിനൊപ്പം രണ്ട് ലാ ലിഗ കിരീടങ്ങളും രണ്ട് കോപ്പ ഡെൽ റേ കിരീടങ്ങളും നേടിയെങ്കിലും ചാംപ്യൻസ് ലീഗിലാണ് റൊണാൾഡോ യഥാർഥ ഇതിഹാസമായി മാറിയത്.

2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമായിരുന്നു ആദ്യ ചാംപ്യൻസ് ലീഗ് കിരീടം. പിന്നീട് റയൽ മഡ്രിഡിനൊപ്പം നാല് തവണ കൂടി കിരീടം നേടി. 2014-ലായിരുന്നു ആദ്യത്തേത്. തുടർന്ന് 2016, 2017, 2018 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണയും കിരീടം സ്വന്തമാക്കി. 2018-ലെ ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ചതോടെ ചാംപ്യൻസ് ലീഗ് അഞ്ച് തവണ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി.

ഗോളെണ്ണത്തിലും നമ്പര്‍ വണ്‍

1993 മുതൽ 2006 വരെ ഇറാനുവേണ്ടി 109 ഗോളുകൾ നേടിയ അലി ദേയിയുടെ പേരിലായിരുന്നു പുരുഷ ഫുട്ബോളിലെ രാജ്യാന്തര ഗോൾ റെക്കോർഡ്. ആ റെക്കോർഡ് ഒരിക്കലും തകർക്കപ്പെടില്ലെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ 2021-ൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ട് ഹെഡർ ഗോളുകൾ നേടിയതോടെ റൊണാൾഡോയുടെ രാജ്യാന്തര ഗോളുകളുടെ എണ്ണം 111 ആയി. 

അലി ദേയിയുടെ റെക്കോർഡും ഇതോടെ മറികടന്നു. പിന്നീട് ഗോളുകളുടെ എണ്ണം വീണ്ടും ഉയർത്തിയ റൊണാൾഡോ 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളുമായാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നത്.ഏറ്റവും കൂടുതൽ  രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്.  ഇനി ആരാധകരുടെ കാത്തിരിപ്പ് പോര്‍ച്ചുഗലിനായുള്ള വിടവാങ്ങല്‍ മത്സരത്തിനായി. ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗല്‍ ജഴ്സില്‍ സി.ആര്‍. സെവന്റെ ലാസ്റ്റ് ഡാന്‍സിനുള്ള കാത്തിരിപ്പ്.

ENGLISH SUMMARY:

Cristiano Ronaldo has officially announced his retirement from international football after an illustrious 23-year career with the Portugal national team. The legendary forward ends his international journey with a record 146 goals from 234 appearances, while continuing his club career with Al Nassr. Throughout his historic career, Ronaldo secured five Ballon d'Or titles, led Portugal to glory in Euro 2016, and established numerous scoring records across top European clubs. Now, the football icon sets his sights on achieving the ultimate milestone of 1,000 career goals.