സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ഫുട്ബോൾ താരം ജിസ്യൂസ് ഡി മിഗ്വേൽ (30) ആണ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ടെനറിഫെയുടെ ഫോർവേഡ് താരമാണ് ജിസ്യൂസ് ഡി മിഗ്വേൽ.
എഫ്സി അൻഡോറയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഇൻജറി ടൈമിന്റെ ഏഴാം മിനിറ്റിൽ എതിർ ടീമിന്റെ ഗോൾകീപ്പർ ജിസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോക്സിന് പുറത്തുവന്ന് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒവോനോയുടെ കാൽമുട്ട് ഡി മിഗ്വേലിന്റെ നെഞ്ചിലാണ് ഇടിച്ചത്. കൂട്ടിയിടിയുണ്ടായതിന് പിന്നാലെ മിഗ്വേൽ മൈതാനത്ത് കുഴഞ്ഞുവീണു. മെഡിക്കൽ സംഘം ഉടന്‍ അടിയന്തര ചികിത്സ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണം.
അപകടത്തിന് പിന്നാലെ ഒവോനോയ്ക്ക് റെഡ് കാർഡ് നൽകി പുറത്താക്കി. തുടർന്ന് 2-2 എന്ന നിലയിൽ നിൽക്കവെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത സ്പാനിഷ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടി കളിക്കളത്തിൽ വെച്ചുണ്ടായതാണെന്നും അതിനാൽ ക്രിമിനൽ നടപടികൾക്ക് സാധ്യത കുറവാണെന്നും സാന്താക്രൂസ് ഡി തെനെരിഫെ ചീഫ് പ്രോസിക്യൂട്ടർ ഹോസെ ലൂയിസ് സാഞ്ചസ്- ഹൗറെഗി വ്യക്തമാക്കിയെങ്കിലും, സ്പാനിഷ് നിയമപ്രകാരം അസ്വഭാവിക മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നിർബന്ധമാണ്. സംഭവത്തിന് പിന്നാലെ എതിർ ടീമിന്റെ ഗോൾകീപ്പർ ജിസ്യൂസ് ഒവോനോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപങ്ങളും വിമർശനങ്ങളും ശക്തമായിട്ടുണ്ട്.
അതേസമയം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ആഗോള ഫുട്ബോൾ ലോകം ഒന്നടങ്കം രംഗത്തെത്തി. മുൻ ബാഴ്സലോണ താരം ജെറാർഡ് പിക്വെയുടെ ഉടമസ്ഥതയിലുള്ള അൻഡോറ ക്ലബ്ബും, യുവേഫ, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ എന്നിവരും അനുശോചനം അറിയിച്ചു. ഈ ആഴ്ച നടക്കുന്ന എല്ലാ യൂറോപ്യൻ ഫുട്ബോൾ മത്സരങ്ങൾക്കും മുൻപ് ഒരു മിനിറ്റ് മൗനം ആചരിക്കുമെന്ന് യുവേഫ അറിയിച്ചു. ലയണൽ മെസ്സി, കിലിയൻ എംബപെ തുടങ്ങിയ പ്രമുഖ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ വൻകിട ക്ലബ്ബുകളും ദുഃഖം പങ്കുവെച്ചു. താരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്പെയിനിൽ ഈ ആഴ്ച നടക്കാനിരുന്ന കോപ്പ ഡെൽ റേ, കോപ്പ ഡി ലാ റെയ്ന മത്സരങ്ങൾ സ്പാനിഷ് ഫെഡറേഷൻ മാറ്റിവെച്ചിട്ടുണ്ട്.
1996ൽ മഡ്രിഡിലാണ് ഡി മിഗ്വേൽ ജനിച്ചത്. 2025-26 സീസണിന് മുന്നോടിയായി കാസ്റ്റിയോണിൽ നിന്നാണ് താരം ടെനറിഫെയിലെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്.