ബെല്ലിങ്ങം കുടുംബത്തിൽ നിന്ന് വീണ്ടും ഒരു ഇംഗ്ലണ്ട് താരം. ഇത്തവണ ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത് അച്ഛൻ മാർക്ക് ബെല്ലിങ്ങമാണ്. അയര്‍ലന്‍ഡിനെതിരെ നാളെയാണ് അച്ഛന് ബെല്ലിങ്ങമിന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം.
ജൂഡ് ബെല്ലിങ്ങാമിന്റെയും സഹോദരൻ ജോബോയുടെയും അച്ഛൻ മാർക്ക് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രായം 50 വയസ്. ഇംഗ്ലണ്ട് വെറ്ററൻസ് ഓവർ 50 വിഭാഗത്തിലേയ്ക്കാണ് അച്ഛന് ബെല്ലിങ്ങം തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരായ മത്സരത്തിനുള്ള 18 അംഗ സ്ക്വാഡിലാണ് മുൻ നോൺ ലീഗ് ഫുട്ബോൾ താരമായ മാർക്ക് ബെല്ലിങ്ങാം ഇടംപിടിച്ചത്. നാളെയാണ് മല്‍സരം.
റയൽ മാഡ്രിഡ് താരമായ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ട് സീനിയർ ടീമിനായി കളിക്കുമ്പോൾ സഹോദരൻ ജോബ് ഇംഗ്ലണ്ട് അണ്ടർ 21 ടീമിന്റെ ഭാഗമാണ്. 17 വർഷം നീണ്ട കരിയറിൽ ലോവർ ലീഗിലെ 22 വ്യത്യസ്ത ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് അച്ഛന് ബെല്ലിങ്ങം. 2019-ലാണ് കളിക്കളത്തോട് വിടപറഞ്ഞത്. അച്ഛന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം കാണാൻ ജൂഡും ജോബും ഗാലറിയിലുണ്ടാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.