ഫുട്ബോൾ പോസ്റ്റിൽ ഗോൾവല കാത്ത് നിന്ന ആ കൈകൾ ഇന്ന് ട്രാക്കിൽ പുതിയൊരു ചരിത്രമെഴുതുകയാണ്. ഗോളി നിന്നുള്ള പരിചയം കരുത്താക്കി, ആരുടെയും പരിശീലനമില്ലാതെ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും വിജയക്കൊടി പാറിച്ച വയനാട്ടിലെ കെ. അശ്വിൻ ഇത്തവണയും സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ചുരംമിറങ്ങി.
പിണങ്ങോട് ഡബ്ല്യുഎച്ച്എസ്എസിലെ ഫുട്ബോൾ ടീമിന്റെ വിശ്വസ്തനായ ഗോൾകീപ്പറാണ് കെ. അശ്വിൻ. എതിരാളികളുടെ ഷോട്ടുകൾ തട്ടിയകറ്റി, സ്വന്തം ഡിഫൻഡർമാരിലേക്ക് കൃത്യതയോടെ പന്തെറിഞ്ഞു നൽകിയ ആ കൈക്കരുത്താണ് അശ്വിനെ അത്‌ലറ്റിക്സിന്റെ വലിയൊരു ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്.
കോച്ചോ മുൻപരിചയമോ ഇല്ലാതെ, കഴിഞ്ഞ വർഷം മുതൽ സ്വന്തം പ്രയത്നത്തിലൂടെയായിരുന്നു പരിശീലനം. ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് അശ്വിൻ നേരെ തിരിഞ്ഞത് ഡിസ്കസ് ത്രോ റിങ്ങിലേക്കായിരുന്നു ഒടുവിൽ കഠിനാധ്വാനം ഫലം കണ്ടു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്കസ് ത്രേയിൽ ഒന്നാം സ്ഥാനം. തൊട്ടുപിന്നാലെ ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും അശ്വിൻ സ്വന്തമാക്കി. ഫുട്ബോൾ മൈതാനത്തുനിന്ന് ട്രാക്കിലേക്ക് നീളുന്ന അശ്വിന്റെ ഈ കുതിപ്പ് കോഴിക്കോട്ടെ സംസ്ഥാന സ്കൂൾ കായികമേളയിലും തുടരുമെന്നാണ് കൂട്ടുകാരുടെ പ്രതീക്ഷ.