അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ച ആറാംക്ലാസുകാരി ദിവയ്ക്ക് വേദനയോടെ വിട നല്കി നാട്. വയനാട് മാനന്തവാടിയിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സഹോദരന് ഡെറിക്കിനൊപ്പം കൈപിടിച്ച് റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാർ ദിവയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രിയയില്‍ ജോലിയിലായിരുന്ന പിതാവ് രാജേഷ് നാട്ടിലെത്തിയ ശേഷം ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. നെഞ്ചുപിളരുന്ന വേദനയ്ക്കിടയിലും മകൾക്കായി പള്ളിയിൽ അന്ത്യഗാനമാലപിച്ചത് രാജേഷായിരുന്നു. വിദേശത്ത് നിന്നെത്തിയ രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അതുവരെ ദുഃഖം കടിച്ചമർത്തി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
വീട്ടില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. രൂപതയിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിൽ കുർബാനയും അർപ്പിച്ചു.