ഒരു സാധാരണ മനുഷ്യന് നമ്മുടെ ഭരണസംവിധാനങ്ങൾ നൽകുന്ന പരിഗണന എന്താണ്? നീതിയുടെ തുലാസിൽ ഒരു പാവപ്പെട്ടവന്റെ ജീവന് എന്ത് തൂക്കമാണുള്ളത്? അന്യായത്തിന്റെ, അവഗണനയുടെ, അനാഥത്വത്തിന്റെ, അനീതിയുടെ വിലാപമാണ് എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ, ഒരു കുടുംബത്തിൽ നിന്ന് ഉയര്‍ന്നത്. ഉപജീവനത്തിനായി രാത്രിയിൽ ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങിയ ജയബാലകൃഷ്ണന്റെ ജീവിതം ഒരു നിമിഷംകൊണ്ട് അവസാനിച്ചു. ആ മരണത്തിനു പിന്നാലെ കേരളത്തിൽ ഉയർന്നത് നിയമം എങ്ങനെയാണ് നടപ്പാക്കപ്പെടുന്നത് എന്ന ചോദ്യമാണ്. അപകടമുണ്ടായ കാർ ഓടിച്ചത് പതിനേഴുകാരൻ. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് അഡീഷണൽ ജില്ലാ ജഡ്ജിയായ പിതാവിൻറെ പേരിൽ. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ദുർബലമായ വകുപ്പുകൾ. സ്റ്റേഷൻ ജാമ്യം, കുടുംബത്തിന്റെ പ്രതിഷേധം, പിന്നീട് കൂടുതൽ ഗുരുതരമായ വകുപ്പുകൾ, ഇപ്പോൾ അന്വേഷണത്തിലെ വീഴ്ചകളുടെ പേരിൽ പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അതേസമയം, ജഡ്ജിക്കെതിരായ നടപടിയെക്കുറിച്ച് വ്യക്തതയില്ല. കാറിന്റെ ഉടമയ്ക്ക് എന്താണ് നിയമപരമായ ഉത്തരവാദിത്തം? ആദ്യഘട്ടത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തുകൊണ്ട് വിവാദമായി? ജാമ്യത്തെക്കുറിച്ചുള്ള നിയമപരമായ ചോദ്യങ്ങൾ എന്താണ്? ജുഡീഷ്യൽ ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടിയിൽ എന്താണ് നടപടിക്രമം? അന്വേഷണത്തിൽ വീഴ്ച പറ്റിയെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? തെളിവുകൾ എന്താണ് പറയുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്താൻ സംവിധാനത്തിന് കഴിയുമോ?