ആരാധക പ്രതീക്ഷകൾ വാനോളമുയർത്തി ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പ്രീ സീസൺ ക്യാംപ് ചെന്നൈയിൽ ഇന്ന് പൂർത്തിയാകും. പുതിയ ഉടമകൾ എത്തിയതിന് പിന്നാലെ അതിവേഗമാണ് വിദേശ താരങ്ങളുടെ സൈനിങ് ഉൾപ്പെടെ പൂർത്തിയാക്കിയത്. ഇൻറർ കാശിയുമായി 11ന്  ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിന് ഇറങ്ങും. 

സീസൺ തുടങ്ങുന്നതിനു തൊട്ടുമുമ്പു വരെ അനിശ്ചിതത്വം. ടീമിന് ഐഎസ്എലിൽ പങ്കെടുക്കാൻ ആകുമോ എന്ന ആശങ്ക. ഇതിനെയെല്ലാം മറികടന്ന് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയാണ്. മാഗ്നം സ്പോർട്സിൽ നിന്ന് അൽഫുർസാൻ ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ആരാധകർ സ്വപ്നം കണ്ടതൊക്കെയും സാധ്യമാകുന്ന കാഴ്ച. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് പുറമേ വിദേശ താരങ്ങളായ ജെയിംസ് ബോൾട്ടനും ആന്ദ്രേ ഗ്രീനും നെബോസ കൊസോവിക്കും  മോമോ യാൻസാനേയും ബ്ലാസ്റ്റേഴ്സ് നിരയിൽ എത്തി. മലയാളി താരം മുഹമ്മദ് സനാനും മുഹമ്മദ് യാസറും ഉൾപ്പെടുന്ന ആഭ്യന്തര നിരയിലെ ശ്രദ്ധേയ താരങ്ങളും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ തുടർ തോൽവികളുടെ നാണക്കേടിൽ നിന്ന് കരകയറ്റിയ ആഷ്‌ലി വെസ്റ്റ് വുഡിന്‍റെ പരിശീലന  മികവിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ഇറങ്ങുന്നത്. ടീമിനെ തിരഞ്ഞെടുക്കുന്നതിൽ  വെസ്റ്റ് വുഡിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും ബ്ലാസ്റ്റേഴ്സിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പടയും തയ്യാറെടുക്കുകയാണ്. ആദ്യരണ്ടും എവേ മത്സരങ്ങളാണ്. 25 ന് മുംബൈ സിറ്റിക്കെതിരെ കലൂർ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മാച്ച്.

Kerala Blasters Ready for the New ISL Season:

Kerala Blasters ISL season preparations are in full swing with a strong new squad and renewed fan optimism. The team is ready to overcome past uncertainties and kick off their campaign under coach Ashley Westwood