• മാർച്ച് 18 ന് മൊറോക്കോയിലെ റബാത്തിലാണ് പ്രസിഡ‍ന്‍റ് തിരഞ്ഞെടുപ്പ്

ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ ഇനി വോട്ടുറപ്പിക്കാനുള്ള പോരാട്ടം. അടുത്തവര്‍ഷം  മാർച്ച് 18 ന് മൊറോക്കോയിലെ റബാത്തിലാണ് പ്രസിഡ‍ന്‍റ് തിരഞ്ഞെടുപ്പ്. 

ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇക്കുറി ത്രികോണ പോരാട്ടമാണ്. നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് വെല്ലുവിളിയുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയും ജപ്പാന്റെ മുൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കോസോ താഷിമയും മല്‍സരിക്കും. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ പിന്തുണ ഡിയാലോയ്ക്കാണ്.  

ഫിഫയിലെ 211 അംഗ ദേശീയ ഫുട്ബോൾ അസോസിയേഷനുകളാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഓരോ അസോസിയേഷനും ഒരു വോട്ട് വീതം. ദേശീയ അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി സ്ഥാനാർഥികൾ വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ ഭരണാധികാരികളുമായി ചർച്ചകൾ നടത്തും. തങ്ങളുടെ കാഴ്ചപ്പാടുകളും പരിഷ്കരണ നിർദേശങ്ങളും അവതരിപ്പിച്ച് പിന്തുണ തേടും. 

ഫിഫ കോൺഗ്രസിൽ നടക്കുന്ന രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. മൂന്ന് സ്ഥാനാർഥികൾ മത്സരിക്കുന്നതിനാൽ ആദ്യ റൗണ്ടിൽ വിജയിക്കാൻ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ആർക്കും ഈ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥി പുറത്താകും. തുടർന്ന് രണ്ട് സ്ഥാനാർഥികൾ മാത്രം ശേഷിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. 

അവസാന റൗണ്ടിൽ കേവല ഭൂരിപക്ഷം നേടുന്നയാൾ പ്രസിഡന്റാകും. മത്സരരംഗത്തേക്ക് രണ്ട് എതിരാളികൾ കൂടി എത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയും കായികമനോഭാവവും പുലർത്തണമെന്ന് ഇൻഫാന്റിനോ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

With the candidate lineup finalized for the 2027 FIFA presidential election, a three-way battle to secure votes has begun ahead of the poll scheduled for March 18 in Rabat, Morocco. Incumbent President Gianni Infantino faces challenges from French Football Federation President Philippe Diallo—who holds the backing of UEFA—and former Japan Football Association President Kohzo Tashima. The election will be decided via secret ballot at the FIFA Congress by 211 member associations, requiring a two-thirds majority in the first round or a simple majority in a subsequent head-to-head runoff if no candidate clears the initial threshold.