സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തുരത്തി കാലിക്കറ്റ് എഫ്സി. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ആയിരുന്നു കാലിക്കറ്റ് എഫ്സിയുടെ ആധികാരിക വിജയം. അടുത്ത മത്സരത്തിൽ കാലിക്കറ്റ് എഫ് സി മലപ്പുറത്തെ നേരിടും.

23–ാം മിനിറ്റിൽ കക്കോടിക്കാരനായ ക്യാപ്റ്റൻ പ്രശാന്ത് തിരുവനന്തപുരം കൊമ്പൻസിന്റെ വല കുലുക്കിയതോടെ ഗാലറി ഇളകി മറിഞ്ഞു. കാലിക്കറ്റ് എഫ്സി ഒരു ഗോളിന് മുന്നിൽ. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച റിജോൺ ജോസിന്‍റെ ജേഴ്സി ആകാശത്തേക്ക് ഉയർത്തി പ്രശാന്ത് കണ്ണു തുടച്ചു, ഈ ഗോൾ നിനക്കുള്ളതാണെന്ന് മന്ത്രിച്ച് കൊണ്ട്...

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ  കാലിക്കറ്റ് എഫ് സിയുടെ കുട്ടിത്താരം എ. ആൻഡ്രൂസിനെ തിരുവനന്തപുരത്തിന്‍റെ പ്രതിരോധനിര  ഫൗൾ ചെയ്ത് വീഴ്ത്തി. അതും പെനാൽറ്റി ബോക്സിൽ. പെനാൽറ്റി കിക്ക് എടുത്ത അർജന്റീന താരം മാക്സ് മില്ലിയാനോ നിക്കോളാസ് ഉറൂട്ടിക്ക് പന്ത് വലയിലാക്കാൻ കാര്യമായി പ്രയാസപ്പെടേണ്ടി വന്നില്ല.

രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ മുൻ മുന്നേറ്റനിര താരം ടി. ഷിജിൻ അടക്കമുള്ളവരെ പകരക്കാരായി ഇറക്കിയെങ്കിലും കൊമ്പൻസിന് താളം കണ്ടെത്താനായില്ല. ഫൈനൽ വിസിൽ മുടങ്ങിയതോടെ ആദ്യ കളിയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്‍റെ  ആവേശത്തിൽ കാലിക്കറ്റ് എഫ് സിയും ആരാധകരും  പുറത്തേക്ക്.

‌മൂന്നാം സീസണിൽ അന്തരിച്ച സെക്രട്ടറി ബിനോ ജോസ് ഈപ്പനും അപകടത്തിൽ മരിച്ച റിജോൺ ജോസിനും  ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കാലിക്കറ്റ് എഫ് സി  ആദ്യ മത്സരത്തിന് എത്തിയത്. ഒക്ടോബർ രണ്ടിനാണ് മലപ്പുറം എപ്സിക്കെതിരെ കാലിക്കറ്റ് എഫ് സിയുടെ മത്സരം.

ENGLISH SUMMARY:

Calicut FC registered an authoritative 2–0 victory against Thiruvananthapuram Kombans FC in their Super League Kerala match held at the Kozhikode Corporation Stadium. Team captain Prasanth opened the scoring in the 23rd minute, dedicating his emotional goal to the late Rijon Jose, before Argentine forward Maximiliano Nicolás Urruti doubled the lead via a penalty in first-half injury time. Despite tactical substitutions by Thiruvananthapuram Kombans in the second half, Calicut FC maintained complete defensive control to secure all three points. Dedicated to the memory of late secretary Bino Jose Eappachan and Rijon Jose, Calicut FC now turns its focus to their upcoming clash against Malappuram FC on October 2