സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വോറിയേഴ്സിന് ജയത്തോടെ തുടക്കം. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോൽപ്പിച്ച തൃശ്ശൂർ മാജിക് എഫ്സിയെ തന്നെ ഈ സീസണിലെ ആദ്യ മത്സരത്തിൽ തളയ്ക്കാനായത് ടീമിൻ്റെ ആത്മവിശ്വാസം കൂട്ടി. എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂർ വോറിയേഴ്സിന്‍റെ ജയം.
സ്വന്തം തട്ടകത്തിൽ ഇതിലും മികച്ച തുടക്കം കിട്ടാനില്ല കണ്ണൂർ വോറിയേഴ്സിന് . കഴിഞ്ഞ ഫൈനലിലെ ക്ഷീണം തീർക്കാൻ എത്തിയ തൃശ്ശൂർ മാജിക് എഫ്സിയെ മലർത്തിയടിച്ചാണ് തുടക്കം. പതിനേഴാം മിനിറ്റിലെ സ്പാനിഷ് താരം അസിയർ ഗോമസിന്റെ ഗോളാണ് കണ്ണൂരിനെ വിജയത്തിൽ എത്തിച്ചത്. ഗോള്‍ നേടിയതോടെ അസിയര്‍ ഗോമസ് ഏഴ് ഗോളുമായി കണ്ണൂര്‍ വോറിയേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി. തുടക്കം ഗംഭീരമായതിന്റെ ആവേശത്തിലാണ് വോറിയേഴ്സ് ആരാധകർ. തൃശ്ശൂർ മാജിക് എഫ് സി പലതവണ ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും ബോൾ പ്രതിരോധത്തിൽ തട്ടി നിന്നു. കണ്ണൂർ വോറിയേഴ്സിന്റെ പല ശ്രമങ്ങളും തൃശൂരും വിദഗ്ധമായി തടുത്തു. തുടക്കത്തിൽ തന്നെ പരാജയം രുചിച്ചതിന്റെ നിരാശയിലാണ് തൃശൂർ മാജിക്ക് എഫ്സി ആരാധകർ.