ഹോം ഗ്രൗണ്ടിലെ പുല്ലിനും വിലയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തിയറ്റര്‍ ഓഫ് ഡ്രീംസിലെ പുല്‍ത്തകിടി ആരാധകര്‍ക്ക് വാങ്ങാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും നിരാശാജനകമായ കാലഘട്ടത്തിന്റെ സാക്ഷിയായിരുന്ന മൈതാനത്തിലെ പുല്ലാണ് ഇപ്പോൾ ഓർമ്മച്ചെപ്പിൽ എത്തുന്നത്. 

ഇതിഹാസങ്ങള്‍ പന്തുതട്ടിയ, ഫുട്ബോളിലെ വീരഗാഥകള്‍ പിറന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രഫോഡ് സ്റ്റേഡിയത്തിലെ പുൽത്തകിടിാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 2.8 ഇഞ്ച് വലിപ്പമുള്ള ഒരു ടർഫ് കഷണം അക്രിലിക്കിൽ സംരക്ഷിച്ചാണ് വിൽപ്പന. വിലയോ 125 പൗണ്ട്. ഏകദേശം 16,000 രൂപ. 

14 വർഷത്തിനിടെ ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിലെ പുൽത്തകിടി പൂർണമായും മാറ്റിയത്. പുതിയ പുൽത്തകിടി ഒരുക്കിയതോടെ പഴയ ടർഫിനും വിപണി കണ്ടെത്തിയിരിക്കുകയാണ് ക്ലബ്. ആരാധകരുടെ വികാരത്തെ ഉൽപ്പന്നമാക്കി മാറ്റുന്ന ആദ്യ ക്ലബല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാര്‍സലോന, ക്യാംപ് നൗവിൽ നിന്ന് താൽക്കാലികമായി മാറേണ്ടി വന്ന സാഹചര്യം പോലും വരുമാനമാക്കാൻ ഉപയോഗിച്ചിരുന്നു. 

മൈതാനത്തെ പുല്ലും സ്റ്റേഡിയത്തിലെ സീറ്റുകളും ബാര്‍സ വില്‍പനയ്ക്ക് വച്ചിരുന്നു. പ്രീമിയർ ലീഗ് കിരീടം നേടിയ സീസന്റെ ഓർമ്മയ്ക്കായി എമിറേറ്റ്സ് സ്റ്റേഡിയത്തിലെ പുല്ല് ഉപയോഗിച്ച് നിർമിച്ച ആഭരണങ്ങളുടെ ശേഖരം ആര്‍സനല്‍ പുറത്തിറക്കിയിരുന്നു. ക്ലബ് സ്ഥാപിതമായ വർഷത്തെ സൂചിപ്പിച്ച് 1,886 ആഭരണങ്ങളാണ് പുറത്തിറക്കിയത്. 

ENGLISH SUMMARY:

Manchester United has put pieces of the iconic Old Trafford pitch up for sale, giving fans a chance to own a physical piece of the historic 'Theatre of Dreams'. Encased in acrylic, each 2.8-inch piece of turf is being sold for £125 (approximately ₹16,000) after the club completely replaced the stadium's pitch for the first time in 14 years. Commercializing iconic stadium elements is a growing trend among football giants, with Barcelona previously selling Camp Nou grass and seats during their stadium relocation. Arsenal similarly launched a limited collection of 1,886 jewelry pieces containing turf from the Emirates Stadium to commemorate a Premier League-winning season.