bhaichung-bhutia-calls-to-boycott-india-brazil-friendly-match
  • 60–70 കോടി രൂപയാകും സൗഹൃദ മല്‍സരം സംഘടിപ്പിക്കുന്നതിനുള്ള ചെലവെന്നാണ് ഏകദേശ കണക്ക്. ബ്രസീലുമായുള്ള മല്‍സരം നടത്തുന്നതിനായി ഇന്ത്യ ആസിയാന്‍ കപ്പില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു

ബ്രസീലും ഇന്ത്യയുമായി കൊല്‍ക്കത്തയില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സൗഹൃദ മല്‍സരം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയ. ഇന്ത്യന്‍ ഫുട്ബോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ 90 മിനിറ്റ് നേരത്തേക്ക് കോടികള്‍ പൊടിക്കുന്നത് പണത്തിന്റെ ദുര്‍വ്യയമാണെന്നും  ബൂട്ടിയ പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ടീം എത്തുക. 60–70 കോടി രൂപയാകും സൗഹൃദ മല്‍സരം സംഘടിപ്പിക്കുന്നതിനുള്ള ഏകദേശ ചെലവെന്നാണ് കണക്ക്. ബ്രസീലുമായുള്ള മല്‍സരം നടത്തുന്നതിനായി ഇന്ത്യ ആസിയാന്‍ കപ്പില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. 

ഫുട്ബോള്‍ ആരാധകര്‍ക്ക് ഈ മല്‍സരത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ബൂട്ടിയ തുറന്നടിച്ചു. 'ബ്രസീലിന്റെ ആ മല്‍സരം ബഹിഷ്കരിക്കൂ. അതാകും ഏറ്റവും വലിയ സന്ദേശം. അങ്ങനെ ചെയ്താല്‍ സംഘാടകരും ഫെഡറേഷനും ഇനിയിങ്ങനെ ഒരിക്കല്‍ കൂടി ചെയ്യാന്‍ മടിക്കും'- ബൂട്ടിയ പറഞ്ഞു. ഈ പണം അത്​ലീറ്റുകളെ സഹായിക്കാനും സ്പോര്‍ടിസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താനുമായി നിക്ഷേപിക്കുകയും ചെലവഴിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ബംഗാള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

 'ബംഗാള്‍ സര്‍ക്കാര്‍ ഈ മല്‍സരം നടത്താന്‍ ധനസമാഹരണത്തിന് തയാറെടുക്കുകയാണോ? അങ്ങനെയെങ്കില്‍ അത് ബംഗാളിനായി ചെലവഴിക്കൂ, അടുത്ത കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നാലഞ്ച് സ്വര്‍ണ മെഡലുകള്‍ കാണാം. നിങ്ങള്‍ക്ക് 30 കോടി രൂപ ചെലവഴിക്കാനുണ്ടെങ്കില്‍ അടുത്ത നാല് വര്‍ഷത്തില്‍ കോമണ്‍ വെല്‍ത്തില്‍ നിന്ന് 10 മെഡല്‍ നേടാം. ഒളിംപിക്സ് ഇവിടേക്ക് കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. ഒളിംപ്യന്‍മാരെ ഉണ്ടാക്കാന്‍ ശ്രമിക്കൂ. അല്ലെങ്കില്‍ ആ 30 കോടി ചെലവഴിച്ച് 100 ഫുട്സാല്‍ ഗ്രൗണ്ടുകളുണ്ടാക്കൂ. അത് ഫലപ്രദമായി പ്രയോജനപ്പെടുത്തൂ. അതല്ലാതെ അത് ഒരു ഒന്നര മണിക്കൂര്‍ നേരത്തേക്ക് പാഴാക്കിക്കളയരുത്'- താരം നിലപാട് വിശദീകരിച്ചു. 

ബ്രസീല്‍ ടീം ഇന്ത്യയിലേക്ക് വരുന്നത് സന്തോഷമാണെന്നും അത് ആകാംക്ഷയുണ്ടാക്കുന്നതാണെന്നും പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പക്ഷേ, അത് കഴിഞ്ഞാല്‍ എന്താണ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഗതിയെന്നും ചോദ്യമുയര്‍ത്തി. 'കളി നടന്നാല്‍ എല്ലാവര്‍ക്കും സന്തോഷമാകും. ആരാധകര്‍ വരും, മാധ്യമങ്ങള്‍, സര്‍ക്കാര്‍ എല്ലാവരും ആഘോഷിക്കും. പക്ഷേ ആ മല്‍സരം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ പണം നഷ്ടമാകും, ഫുട്ബോള്‍ 20 വര്‍ഷം പിന്നിലേക്കും പോകും'- ബൂട്ടിയ പറഞ്ഞു.

ENGLISH SUMMARY:

Indian football legend Bhaichung Bhutia has called for a boycott of the upcoming high-profile friendly match between India and Brazil, scheduled to be held in Kolkata. Calling the estimated 60 to 70 crore rupee expenditure an unacceptable waste of money, Bhutia criticized the decision while the national football federation faces severe financial constraints. He urged the West Bengal government to redirect these funds towards grassroots infrastructure development and athlete training to yield long-term medals. Furthermore, the former captain warned that hosting such a brief spectacle would set Indian football back by decades once the temporary excitement fades.