roberto-carlos

TOPICS COVERED

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവും റയൽ മാഡ്രിഡ് മുൻ താരവുമായ റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്. തുർക്കിയിലെ ഭരണകക്ഷിയായ എകെ പാർട്ടിയിലെ നിയമസഭാംഗം അലി ഷാഹിനാണ് ഈ വിവരം പുറത്തുവിട്ടത്. ബ്രസീലിലെ സാവോ പോളോയിൽ വെച്ച് ബ്രസീലിയൻ മുസ്‌ലിം കമ്മ്യൂണിറ്റിയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്.

ബ്രസീലിലെ പ്രമുഖ മുസ്‌ലിം കമ്മ്യൂണിറ്റി നേതാവും നാഷണൽ അസോസിയേഷൻ ഓഫ് ഇസ്‌ലാമിക് ജൂറിസ്റ്റിന്‍റെ (ANAJI) വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ജിഹാദ് ഹമ്മദേയിൽ നിന്നാണ് താൻ ഈ വിവരം അറിഞ്ഞതെന്ന് അലി ഷാഹിൻ എക്സില്‍ കുറിച്ചു. ഷെയ്ഖ് ജിഹാദ് ഹമ്മദേയുമായി റോബർട്ടോ കാർലോസ് കുറച്ചുനാളായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്നും, ഏകദേശം നാലാഴ്ച മുമ്പ് അദ്ദേഹത്തെ സന്ദർശിക്കുകയും ഇസ്‌ലാമിക വിശ്വാസ പ്രകാരം ശഹാദത്ത് ചൊല്ലി ഇസ്‌ലാം മതം സ്വീകരിക്കുകയുമായിരുന്നുവെന്നും അലി ഷാഹിൻ വെളിപ്പെടുത്തി.

സാവോ പോളോയിലെ ഇസ്‌ലാമിക് ചാരിറ്റബിൾ യൂത്ത് ലീഗ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അലി ഷാഹിൻ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റോബർട്ടോ കാർലോസിനെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എങ്കിലും, വാർത്തയോട് റോബർട്ടോ കാർലോസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല.

53-കാരനായ റോബർട്ടോ കാർലോസ് അടുത്തിടെ മൊറോക്കൻ വംശജയായ സുഹൈല അറ്റ് തോഹിരിയെ വിവാഹം കഴിച്ചതും വാര്‍ത്തയായിരുന്നു. ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ വാർത്ത ചർച്ചയായത്. സ്പാനിഷ് സ്പോർട്സ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമാണ് സുഹൈല. ഏഴു സ്ത്രീകളുമായുള്ള ബന്ധത്തിൽ തനിക്ക് 11 കുട്ടികളുണ്ടെന്ന് 53 വയസ്സുകാരനായ റോബർട്ടോ കാർലോസ് ഒരു പതിറ്റാണ്ട് മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ഈ പരാമര്‍ശം വൈറലാവുകയും ചെയ്തു.

ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കാർലോസ്, റയൽ മാഡ്രിഡിന് വേണ്ടിയും തുർക്കിഷ് ക്ലബ്ബ് ഫെനർബാച്ചെയ്ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ബ്രസീലിന് വേണ്ടി 125 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ കാർലോസ് നേടിയിട്ടുണ്ട്. 2002ലെ ഫിഫ ലോകകപ്പും 1997, 1999 വർഷങ്ങളിലെ കോപ്പ അമേരിക്കയും 1997ലെ കോപ്പ കോൺഫെഡറേഷൻ കപ്പുമാണ് റോബർട്ടോ കാർലോസിന്റെ കരിയറിലെ പ്രധാന കിരീടങ്ങൾ. ക്ലബ്ബുകളിലും രാജ്യാന്തര മത്സരങ്ങളിലുമായി 135 ഗോളുകളും നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Brazilian football legend Roberto Carlos has reportedly embraced Islam, according to statements shared by a Turkish lawmaker. The claim emerged following a meeting in São Paulo between Turkish MP Ali Şahin and regional Islamic community leaders. According to these reports, the former Real Madrid star recited the Shahada after interacting with religious figures. However, neither Carlos nor his official representatives have issued a public confirmation regarding the matter.