അര്‍ജന്റീനയുടെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ നിക്കോ പാസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം. പുതിയ പരിശീലകനായി മൗറീസ്യോ പോച്ചെറ്റീനോ എത്തുന്നതോടെ ടീമിനെ അടിമുടി മാറ്റാനുള്ള നീക്കങ്ങൾ ക്ലബ് ആരംഭിച്ചതായി റിപ്പോർട്ടുകൾ.
ബ്രൂണോ ഫെർണാണ്ടസിന് ദീർഘകാല പകരക്കാരനായി അര്‍ജന്റീനയുടെ യുവതാരം നിക്കോ പാസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിഗണിക്കുന്നത്. വരും സീസണുകളിൽ ടീമിന്റെ ആക്രമണനിരയിലെ നിർണായക സാന്നിധ്യമായി യുവതാരത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
റയല്‍ മാഡ്രിഡ് അക്കാദമിയിലൂടെ വളര്‍ന്ന നിക്കോ പാസ് സ്പാനിഷ് വമ്പന്മാരെ വിട്ടാണ് ഇറ്റാലിയന്‍ ക്ലബ് കോമോയിലെത്തിയത്. പരിശീലകൻ സെസ്ക് ഫാബ്രിഗാസിന്റെ ടീമിലെ നിർണായക താരമായി നിക്കോ മാറിക്കഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ യുണൈറ്റഡിനെ കോമോ 4–1ന് തോല്പിച്ച മല്‍സരത്തില്‍ പാസ് ഇരട്ടഗോളുകള്‍ നേടിയിരുന്നു. അര്‍ജന്റീനക്കാരനായ പോച്ചെറ്റിനോയ്ക്ക് നിക്കോ പാസിനെ ടീമിലെത്തിക്കാന്‍ താല്പര്യമുണ്ട്. എന്നാൽ നിക്കോ പാസിനെ സ്വന്തമാക്കുക യുണൈറ്റഡിന് എളുപ്പമാകില്ല.
താരത്തിന്റെ കരാറിൽ റിയൽ മാഡ്രിഡിന് 80 ദശലക്ഷം യൂറോയുടെ ബൈബാക്ക് വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഭാവിയിൽ താരത്തെ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ 50 ശതമാനവും റിയൽ മാഡ്രിഡിന് അവകാശപ്പെട്ടതാണ്. പാസിനായി ഏകദേശം 1,100 കോടി രൂപ ലഭിക്കണമെന്നാണ് കോമോയുടെ നിലപാടെന്നും റിപ്പോർട്ടുകളുണ്ട്. ആര്‍സനല്‍, ചെല്‍സി,പിഎസ്ജി ടീമുകളും താരത്തിനായി രംഗത്തുണ്ട്.