• റയല്‍ മഡ്രിഡും റോഡ്രിക്കായി രംഗത്തുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം നാടകീയ നീക്കങ്ങളിലൂടെ ലാ ലിഗ ചാംപ്യന്മാരായ ബാഴ്‌സലോണ കരാർ ഉറപ്പിക്കുകയായിരുന്നു

ഫുട്ബോൾ ട്രാൻസ്ഫർ വിപണിയെ ഇളക്കിമറിച്ച് സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി ബാഴ്‌സലോണയിലേക്ക്. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് 65 ദശലക്ഷം പൗണ്ടിന് (ഏകദേശം 700 കോടിയോളം രൂപ) മുൻ ബലോൺ ഡി ഓർ ജേതാവിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ ധാരണയിലെത്തി. മുപ്പതുകാരനായ താരം ബാഴ്‌സയുമായി നാല് വർഷത്തെ കരാറില്‍ ഒപ്പുവയ്ക്കും. ട്രാൻസ്ഫർ നടപടികൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും റോഡ്രിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും അവസാന നിമിഷം നാടകീയ നീക്കങ്ങളിലൂടെ ലാ ലിഗ ചാംപ്യന്മാരായ ബാഴ്‌സലോണ കരാർ ഉറപ്പിക്കുകയായിരുന്നു. സിറ്റിയിലെ കരാർ കാലാവധി അവസാന വർഷത്തിലേക്ക് കടക്കാനിരിക്കെയാണ് ജന്മനാട്ടിലേക്കുള്ള റോഡ്രിയുടെ മടക്കം. നേരത്തെ ബാഴ്‌സ മുന്നോട്ടുവച്ച 38.5 ദശലക്ഷം പൗണ്ടിന്റെ പ്രാഥമിക ഓഫർ സിറ്റി നിരസിച്ചിരുന്നു.

സിറ്റിയിലെ സുവർണകാലം

2019-ൽ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്നാണ് റോഡ്രി മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. 298 മത്സരങ്ങളിൽ സിറ്റിക്കായി ബൂട്ടണിഞ്ഞ താരം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 12 പ്രധാന ട്രോഫികൾ ടീമിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2024-ൽ ബാലൺ ഡി ഓർ പുരസ്കാരം നേടി. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനെ കിരീടത്തിലേക്ക് നയിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും റോഡ്രി സ്വന്തമാക്കിയിരുന്നു.

പകരക്കാരനായി ബോവാഡി?

റോഡ്രിയുടെ വിടവ് നികത്താൻ ലില്ലെയുടെ പതിനെട്ടുകാരനായ മൊറോക്കൻ പ്രതിഭ അയൂബ് ബോവാഡിയെ എത്തിക്കാനാണ് സിറ്റി കോച്ച് എൻസോ മരെസ്കയുടെ നീക്കം. ഏകദേശം 85 ദശലക്ഷം പൗണ്ടാണ് ബോവാഡിക്ക് വില കണക്കാക്കുന്നത്.

ഇതിനുപുറമെ ചെൽസിയുടെ അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്, ബോൺമൗത്തിന്റെ യുവതാരം അലക്സ് സ്കോട്ട്, ലിവർപൂളിന്റെ അലക്സിസ് മക് അലിസ്റ്റർ എന്നിവരെയും ടീമിലെത്തിക്കാന്‍ സിറ്റി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. നോട്ടിങാം ഫോറസ്റ്റിൽനിന്ന് എലിയറ്റ് ആൻഡേഴ്സണെ നേരത്തെ ടീമിലെത്തിച്ചിരുന്നു.

ENGLISH SUMMARY:

Spanish midfielder Rodri is reportedly making a high-profile transfer from Manchester City to Barcelona in a deal valued at £65 million. The former Ballon d'Or winner has agreed to a four-year contract, marking a sensational return to his home country after fending off competition from Real Madrid. As Rodri departs following a trophy-laden spell in England, Manchester City is actively targeting replacements such as Ayyoub Bouaddi and Enzo Fernández to bolster their squad ahead of the upcoming season.