വിനീസ്യൂസ് ജൂനിയറിനായി പൊന്നും വിലയിട്ട് റയൽ മാഡ്രിഡ്. 170 ദശലക്ഷം യൂറോ ആണ് വിനീസ്യൂസിനെ വിട്ടുനല്‍കാന്‍ റയല്‍ മാഡ്രിഡ്, ആര്‍സനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ഭീമമായ തുകനല്‍കി താരത്തെ എങ്ങനെ എത്തിക്കുമെന്ന കണക്ക് കൂട്ടലിലാണ് ആര്‍സനല്‍.
ബ്രസീലിയൻ വിങ്ങർ വിനീസ്യൂസ് ജൂനിയറിനായി റയൽ മാഡ്രിഡ് ആവശ്യപ്പെടുന്ന ഭീമമായ തുക നൽകാൻ ആര്‍സനല്‍ തയാറല്ല. 2027ലെ വേനൽക്കാലത്തോടെ കരാർ അവസാനിക്കുന്ന താരത്തെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും ഈ സീസണിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ റയൽ ഒരുക്കമല്ല. വിനീസ്യൂസിനായി 170 ദശലക്ഷം യൂറോയാണ് റയൽ ആവശ്യപ്പെടുന്നത്.
150 ദശലക്ഷം യൂറോയിൽ താഴെയുള്ള തുകയ്ക്ക് താരത്തെ ടീമിലെത്തിക്കാനാണ് ഗണ്ണേഴ്സിന് താൽപര്യം. താരം സാന്‍റിയാഗോ ബെർണബ്യൂ വിട്ട് എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ചേക്കേറുകയാണെങ്കിൽ അടുത്ത സീസണിൽ ടീമിൽ എങ്ങനെ ഉപയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന് ആര്‍സനല്‍ മാനേജർ മൈക്കിൾ അർട്ടേറ്റ ബ്രസീലിയൻ സൂപ്പർതാരത്തോട് ഇതിനകം വിശദീകരിച്ചിട്ടുണ്ട്.
വിനീസ്യൂസിന് ആഴ്ചയിൽ നാലു കോടിയിലേറെ രൂപ ശമ്പളമായി നൽകാൻ ആര്‍സനല്‍ തയാറാണെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാളായ വിനീസ്യൂസ്, റയൽ മഡ്രിഡിനൊപ്പം തന്‍റെ കരിയറിൽ ഇതിനകം മൂന്നു തവണ ലാലിഗയും രണ്ടു തവണ ചാംപ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഈമാസം 21ന് സ്വന്തം മൈതാനത്താണ് ആര്‍സനലിന്‍റെ ആദ്യമല്‍സരം. പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കവന്ററി സിറ്റിക്കെതിരെയാണ് ആര്‍സനലിന്‍റെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലെ ആദ്യ മത്സരം