ലോകകപ്പ് ഫുട്ബോളില്‍‌ ഗോളടിയില്‍ റയല്‍ മഡ്രിഡിന്റെ ആധിപത്യം. ക്ലബ്ബുകളുടെ പ്രകടനം നോക്കിയാല്‍  ഗോളുകളുടെയും അസിസ്റ്റുകളുടെയും കാര്യത്തില്‍ റയല്‍ മഡ്രിഡ് തന്നെയാണ് മുന്നില്‍.  ബയൺ മ്യൂണിക്, ലിവർപൂൾ, ആർസനൽ, പിഎസ്ജി എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

ഗോളടിമേളത്തില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ക്ലബ്ബിനെ മുന്നിലെത്തിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല. ലണയല്‍ മെസിതന്നെ. സൗദി പ്രോലീഗില്‍ നിന്നും ഇത്തവണ കൂടുതല്‍ ഗോളുകളുണ്ട്. ഗോളുകളും നാടകീയ മുഹൂർത്തങ്ങളും അവിസ്മരണീയമായ ലോകകപ്പ് ഫുട്ബോളില്‍ ഇനി എട്ടിന്റെ കളിയാണ്. ഇതുവരെയുള്ള ഗോളടിമേളത്തില്‍ റയല്‍ മഡ്രി‍ഡ് 16 ഗോളുകളോടെ മുന്നില്‍ നില്‍ക്കുന്നു. ഏഴുഗോളടിച്ച കിലിയന്‍ എംബാപ്പെതന്നെ മുന്നില്‍. ഒന്‍പത് ഗോളവസരങ്ങളും റയല്‍ മഡ്രിഡ് സൃഷ്ടിച്ചു. ആകെ 25 ഗോളുകളില്‍ അവര്‍ക്ക് നേരിട്ട് പങ്കാളിത്തമായി. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം ബ്രസീലിന്റെ വിനീസ്യൂസ് ജൂനിയർ എന്നിവരാണ് റയല്‍ മഡ്രിഡിന്റെ ഗോളടിയില്‍ വലിയ പങ്കുവഹിച്ചവര്‍. 

എന്നാല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ ജര്‍മന്‍ ലീഗിലെ ബയേണ്‍ മ്യൂനിക്കും പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളുമാണ് മുന്നില്‍. 12 ഗോളവസരങ്ങള്‍ ഈ ക്ലബ്ബിലെ താരങ്ങള്‍ സൃഷ്ടിച്ചു. ഗോളടിയില്‍ റയല്‍ മഡ്രിഡ് കഴിഞ്ഞാല്‍ മുന്നിലുള്ളത് ഫ്രെഞ്ച് ക്ലബ്ബ് പിഎസ്ജിയാണ്. 12 ഗോളുകള്‍ പിഎസ്ജിക്കാര്‍  ലോകകപ്പില്‍ കുറിച്ചു. ഡെംബെലെ. ജോവോ നെവിസ്, ന്യൂനോ മെന്‍ഡിസ്,ഗോണ്‍സാലോ റാമോസ് എന്നിവര്‍ പിഎസ്ജിയുടെ ഗോളുകളില്‍ പങ്കാളികളായി. എട്ടുഗോളുകള്‍ വീതമടിച്ച് ഹാരി കെയ്ന്റെ ബയേണ്‍ മ്യൂനിക്കും ഇസ്മയില സറിന്റെ  ക്രിസ്റ്റല്‍ പാലസും ബ്രയാന്‍ ബ്രോബിയുടെ സണ്ടര്‍ലന്‍ഡും നില്‍ക്കുന്നു. ഏഴുഗോളടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും തൊട്ടുപിന്നാലെയുണ്ട്. ഇതില്‍ സിറ്റിയെ മുന്നിലെത്തിച്ചത് നോര്‍വേയുടെ എര്‍ലിങ് ഹാലണ്ട് ഒറ്റയ്ക്കാണ്.

ബയേണ്‍ മ്യൂനിക് അടിച്ച എട്ടുഗോളില്‍ ആറും ഹാരി കെയ്ന്‍ നേടി. ഗോളടിമേളത്തില്‍ പ്രീമിയര്‍ ലീഗിന്റെ ആധിപത്യം ആണ് കാണുന്നത്. ലാ ലിഗയും ബുന്ദസ് ലീഗയും പിന്നാലെയുണ്ടെങ്കിലും ഇന്റര്‍ മയാമിയിലൂടെ ലയണല്‍ മെസി ഒറ്റയ്ക്ക് മേജര്‍ സോക്കര്‍ ലീഗിനെ ലോകകപ്പ് ഫുട്ബോളിന്റെ ഗോളടിമേളത്തില്‍ മുന്നിലെത്തിച്ചു. എട്ടുഗോളുകളാണ് മെസി സ്കോര്‍ ചെയ്തത്. അല്‍ നസറിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ സൗദി പ്രോ ലീഗും തങ്ങളുടെ കരുത്ത് അറിയിച്ചു. 

ലോകകപ്പില്‍ റൊണാള്‍ഡോയുടെ മൂന്ന് ഗോളുകള്‍ ഉള്‍പ്പെടെ നാലുഗോളുകള്‍. ബയേണ്‍ മ്യൂനിക്കിന്റെ മൈക്കല്‍ ഒലിസെയാണ് കൂടുതല്‍ ഗോളവസരം സൃഷ്ടിച്ചത്, അഞ്ച് അവസരങ്ങള്‍. മല്‍സരങ്ങള്‍ ബാക്കി, ഗോളടിമേളത്തില്‍ റയല്‍ മഡ്രിഡിന്റെ കുതിപ്പ് തുടരുമോയെന്ന് കാത്തിരുന്ന് കാണാം.

ENGLISH SUMMARY:

Real Madrid dominates the World Cup football goal charts, showcasing club superiority in both goals and assists. Lionel Messi stands out as a key contributor, driving his team forward with significant goal-scoring prowess.