ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ അര്‍നെ സ്ലോട്ടുമായി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ വഴിപിരിഞ്ഞു. ഈ സീസണിൽ ടീം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ സ്ലോട്ടിന് കഴിയാതെ വരികയും ചെയ്തതോടെയാണ് പുറത്താക്കല്‍. സീസണിന്റെ അവസാന ഘട്ടത്തിൽ ആരാധകരിൽനിന്ന് സ്ഥിരമായി കൂക്കിവിളികൾ നേരിട്ടതോടെ സ്ലോട്ടിന്റെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
2024-ൽ യോർഗൻ ക്ലോപ്പിന് പകരക്കാരനായാണ് മുൻ ഫെയനൂർദ് പരിശീലകനായ സ്ലോട്ട് ആൻഫീൽഡിലെത്തിയത്. ആദ്യ സീസണിൽ തന്നെ ലിവർപൂളിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച് ഡച്ചുകാരന്‍ ഞെട്ടിച്ചു. എന്നാൽ, കിരീടം നിലനിർത്താനിറങ്ങിയ ലിവർപൂളിന് രണ്ടാം സീസണിൽ അടിതെറ്റി. ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള നെട്ടോട്ടമായി സീസൺ മാറിയപ്പോൾ, ഒരു ആഭ്യന്തര കിരീടം പോലും നേടാനായില്ല. നിലവിലെ ചാംപ്യൻമാരുടെ നാടകീയ വീഴ്ച സ്ലോട്ടിന്റെ പുറത്താകലിൽ കലാശിച്ചു.
റെക്കോർഡ് തുക മുടക്കിയിട്ടും കിരീടമില്ല
കഴിഞ്ഞ വർഷം കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ ടീമിനെ കൂടുതൽ ശക്തമാക്കാന്‍ ലിവർപൂൾ ട്രാൻസ്ഫർ വിപണിയിൽ റെക്കോർഡ് തുകയാണ് ചെലവഴിച്ചത് - ഏകദേശം 4970 കോടി രൂപ. ട്രാൻസ്ഫർ വിന്‍ഡോയുടെ അവസാന ദിവസം അലക്സാണ്ടർ ഇസാക്കിനായി ബ്രിട്ടനിലെ റെക്കോർഡ് തുകയായ 125 ദശലക്ഷം പൗണ്ട് മുടക്കിയതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആക്രമണത്തിലും പ്രതിരോധത്തിലും ടീം ഒരുപോലെ പതറി. സ്ലോട്ടിന്റെ ആദ്യ സീസണിലെ വിജയത്തിന് അടിത്തറയായ, ഒരുകാലത്ത് എതിരാളികളെ വിറപ്പിച്ചിരുന്ന തീവ്രതയും പ്രസ്സിങ് ഗെയിമും അപ്രത്യക്ഷമായി.
പരുക്കുകൾ കാരണം സ്വീഡിഷ് സ്ട്രൈക്കർ ഇസാക്കിന് ടീമുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. 116 ദശലക്ഷം പൗണ്ടിന്റെ മറ്റൊരു വലിയ സൈനിങ്ങായ ഫ്ലോറിയൻ റിറ്റ്സിന് തന്റെ ആദ്യ ഗോൾ നേടാൻ ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വന്നു. സീസണിൽ ആകെ അഞ്ച് ലീഗ് ഗോളുകൾ മാത്രമാണ് ജര്‍മന്‍ താരത്തിന് നേടാനായത്. കഴിഞ്ഞ വർഷം സ്പെയിനിലുണ്ടായ വാഹനാപകടത്തിൽ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തെയും സ്ലോട്ടിനും ടീമിനും അതിജീവിക്കേണ്ടി വന്നു.
ടീം തിരഞ്ഞെടുപ്പിനെ മുഹമ്മദ് സലാ പരസ്യമായി ചോദ്യം ചെയ്തതോടെ കളിക്കാരുമായി സ്ലോട്ടിനുള്ള ബന്ധത്തിൽ വിള്ളൽ വീണു. സീസണിലെ മോശം പ്രകടനത്തിന് ക്ലബ് തന്നെ ബലിയാടാക്കുകയാണെന്നും സലാ ആരോപിച്ചിരുന്നു.
സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുന്നതായി സല പ്രഖ്യാപിച്ചു. വിടപറയുന്നതിന് മുന്‍പ്, ക്ലോപ്പിന്റെ കാലത്ത് ടീമിനെ പ്രശസ്തമാക്കിയ 'ഹെവി മെറ്റൽ' ഫുട്ബോൾ ശൈലി പുനരുജ്ജീവിപ്പിക്കാൻ സലാ ലിവർപൂളിനോട് ആവശ്യപ്പെടുകയും ചെയ്തു.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ലിവർപൂൾ അറിയിച്ചു. ബേൺമൗത്തിനെ ലീഗിൽ ആറാം സ്ഥാനത്തെത്തിക്കുകയും ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്ത സ്പാനിഷ് പരിശീലകൻ അൻഡോണി ഇറയോളയുടെ പേരാണ് പകരക്കാരനായി പറഞ്ഞു കേൾക്കുന്നത്.