Image Credits: X@KeralaBlasters

  • കേരള ബ്ലാസ്റ്റേഴ്സിന്റെ 100 ശതമാനം ഓഹരികളും വിൽപനയ്ക്ക്. വിദേശ മലയാളി സംരംഭകരുടെ കൺസോർഷ്യം ക്ലബ് ഏറ്റെടുത്തേക്കുമെന്ന് സൂചന.

കേരള ബ്ലാസ്റ്റേഴ്സ് വിൽപന വൈകാതെ. ഒരാഴ്ച്ചയ്ക്കകം നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യമാകും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങുകയെന്നാണ് സൂചന. 120 കോടിയോളം രൂപയ്ക്കാകും ബ്ലാസ്റ്റേഴ്സിന്റെ വിൽപ്പന. സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന് ഈ വില്‍പന നിർണായകമാണ്. 

100 ശതമാനം ഓഹരിയും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് ലിമിറ്റഡ് തീരുമാനിച്ചിരുന്നു. ഭാഗികമായി ഓഹരികൾ വിൽക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. നേരത്തേ ഐബിഎസ് ഗ്രൂപ്പ് ക്ലബിനെ ഏറ്റെടുക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്ന 150 കോടി രൂപ കൂടുതലെന്ന വിലയിരുത്തലായിരുന്നു ഗ്രൂപ്പിന്. 

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത് സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് അറിയിച്ചു. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ്ബിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ല. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്ന് വിപിഎസ് ഹെൽത്ത് അധികൃതർ അറിയിച്ചു. 

നിലവിൽ അഡ്രിയാൻ ലൂണ മാത്രമാണ് ടീമിലുള്ള വിദേശതാരം. ടീമിലേക്ക് മറ്റു താരങ്ങളെ എത്തിക്കുന്നത് ഉൾപ്പെടെ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് 31നകം പൂർത്തിയാക്കേണ്ടതുണ്ട്. പുതിയ മാനേജ്മെന്റ് എത്തിയാൽ മികച്ച താരങ്ങളെ കളത്തിൽ ഇറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Kerala Blasters is reportedly close to finalizing a complete sale of its 100 percent equity to a consortium featuring a non-resident Malayali entrepreneur for approximately 120 crore rupees. Current owners Magnum Sports Private Limited pursued the buyout to alleviate financial challenges following previous unsuccessful talks with the IBS Group over valuation differences. Meanwhile, VPS Health has officially denied any involvement or acquisition discussions regarding the club, dismissing circulating rumors as entirely baseless. With the transfer window closing on August 31, fans are hopeful that the incoming management will swiftly strengthen the squad ahead of the upcoming season.