ആവേശം നിറഞ്ഞ അവസാന മത്സരദിനത്തിൽ നാല് ടീമുകളുടെ വെല്ലുവിളികളെ മറികടന്ന് ഈസ്റ്റ് ബംഗാളിന് ഐ.എസ്.എല്‍ കിരീടം. അവസാന മത്സരത്തില്‍ ഇന്‍റര്‍ കാശിയെ 2-1 ന് തോല്‍പ്പിച്ചു. ഇതോടെ 26 പോയിന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒന്നാമതെത്തി. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും 26 പോയിന്റുമായി സീസൺ അവസാനിപ്പിച്ചെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് കിരീടം നിർണയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് ജയവും കിരീടവും സ്വന്തമാക്കിയത്

 

22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ദേശിയ ലീഗില്‍ കിരീടം നേടുന്നത്. ഈസ്റ്റ് ബംഗാളിനെ കൂടാതെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നി ടീമുകള്‍ക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാല്‍ നാലു മത്സരങ്ങളും ഒന്നിച്ചാണ് ആരംഭിച്ചത്.  എന്നാല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചതോടെ കിരീടം കൊല്‍ക്കത്തയിലേക്ക് എത്തി. യൂസഫ് എസ്സെജാരിയും റാഷിദുമാണ് ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്. 

മോഹന്‍ ബഗാനെതിരെ സ്പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി ആദ്യം ഗോള്‍ നേടിയിരുന്നെങ്കിലും തിരിച്ചടിച്ച് ബഗാന്‍ 2-1 ന് ജയിച്ചു. മറ്റ് മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്‌സി പഞ്ചാബ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി. മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ജംഷഡ്പൂർ എഫ്‌സിയും ഒഡീഷ എഫ്‌സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഈ സീസണിൽ ആകെ മത്സരത്തില്‍ മാത്രമാണ് ഈസ്റ്റ് ബംഗാള്‍ തോറ്റത്. 30 ഗോളുകള്‍ നേടിയ ഈസ്റ്റ് ബംഗാളാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം. ഏറ്റവും മികച്ച ഗോൾ വ്യത്യാസമുള്ളതും (+19) ടീമിന് തന്നെ. 11 ഗോളുകളോടെ യുസഫ് എസ്സെജ്ജാരി ഗോൾഡൻ ബൂട്ടും, 6 അസിസ്റ്റുകളോടെ മിഗുവെൽ ഫിഗെയ്‌റ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരത്തിനുള്ള ബഹുമതിയും സ്വന്തമാക്കി.

ENGLISH SUMMARY:

East Bengal has won the ISL title after a thrilling final matchday, overcoming challenges from four teams. They defeated Inter Kashi 2-1, securing the championship with 26 points after a 22-year wait for a national league title.