ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പ് ചുമതല രണ്ടു വർഷത്തേക്ക് ക്ലബ്ബുകൾക്ക് കൈമാറാനുള്ള നിർദേശത്തിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അംഗീകാരം നൽകി. ഇതോടെ, 2026-27 സീസൺ ഐഎസ്എൽ മത്സരങ്ങൾ മുൻനിശ്ചയിച്ച പ്രകാരം സെപ്റ്റംബറിൽ ആരംഭിക്കാൻ വഴിതെളിഞ്ഞു.

 

ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ കരാർ ഒപ്പുവെക്കുമെന്നും ജൂൺ 15ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണൻ പറഞ്ഞു. 2026-27 ഐഎസ്എല്‍ സീസണിന് സെപ്റ്റംബർ 4ന് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കും. 

 

പങ്കെടുക്കുന്ന 14 ടീമുകൾ ഹോം, എവേ അടിസ്ഥാനത്തിൽ മത്സരിക്കുന്ന, ഏഴു മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27 ഐഎസ്എൽ. പ്രതിസന്ധിയിലായ ലീഗിന്റെ അടുത്ത രണ്ടു സീസണുകളിലേക്കെങ്കിലും ഘടനാപരമായ പദ്ധതി തയാറാക്കാൻ ഒരു കർമസമിതി രൂപീകരിക്കണമെന്ന് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോടും ഐഎസ്െല്‍ ക്ലബ്ബുകളോടും ആവശ്യപ്പെട്ടിരുന്നു. 

 

താൽക്കാലിക പരിഹാരമെന്ന നിലയിൽ അടുത്ത രണ്ട് സീസണുകളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ലീഗ് നടത്താമെന്ന നിർദേശമാണ് ക്ലബ്ബുകൾ മുന്നോട്ടുവെച്ചത്. എഐഎഫ്എഫ് മേൽനോട്ടത്തിലായിരിക്കും ലീഗ്.  നഷ്ടം നേരിട്ട ക്ലബ്ബുകളുടെ താൽപര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. രണ്ടു വർഷത്തിനു ശേഷം ക്ലബ്ബുകൾ നയിക്കുന്ന പുതിയ മാതൃക പുനഃപരിശോധിക്കും. 

ENGLISH SUMMARY:

The All India Football Federation has approved a proposal allowing ISL clubs to manage the league's operations for the next two years under AIFF supervision. The move paves the way for the 2026-27 Indian Super League season to begin on September 4, featuring 14 teams in a full home-and-away format. The decision is part of broader efforts to ensure the league's stability and create a long-term roadmap for Indian football.