കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ലൈസന്‍സ് അപേക്ഷകള്‍ നിരസിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഈസ്റ്റ് ബംഗാൾ ഉൾപ്പെടെ ഏഴ് ക്ലബ്ബുകൾക്ക് വ്യവസ്ഥകളോടെ ക്ലബ്ബ് ലൈസൻസിങ് പ്രീമിയർ 1 ലൈസൻസ് അനുവദിക്കുകയും ചെയ്തു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ക്ലബ്ബ് ലൈസൻസിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഒഡീഷ, ചെന്നൈയിൻ, സ്പോർട്ടിങ് ക്ലബ് ഡൽഹി, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്, ഇന്റർ കാശി എന്നീ ക്ലബുകളുടെ അപേക്ഷകളും തള്ളി. അപേക്ഷ നിരസിക്കപ്പെട്ട ക്ലബ്ബുകൾക്ക്, നിലവിലുള്ള ലൈസൻസിങ് ചട്ടങ്ങൾ അനുസരിച്ച് തീരുമാനത്തിനെതിരെ അപ്പീൽ നൽകാനോ ദേശീയ ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇളവിനായി അപേക്ഷിക്കാനോ അവകാശമുണ്ട്
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ക്ലബ്ബ് ലൈസൻസിങ് കമ്മിറ്റി - ഫസ്റ്റ് ഇൻസ്റ്റൻസ് ബോഡി മേയ് 17-ന് ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, ജംഷേദ്പുർ, മുംബൈ സിറ്റി, ബെംഗളൂരു, ഗോവ, പഞ്ചാബ് എന്നീ ക്ലബുകള്‍ക്കാണ് വ്യവസ്ഥകളോടെ ലൈസൻസ് ലഭിച്ചത്.
ഓരോ സീസണിലും AFC, ദേശീയ ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ലൈസൻസ് ക്ലബ്ബുകൾക്ക് ഉറപ്പാക്കുന്നതിനുള്ള വാർഷിക നടപടിക്രമമാണ് AIFFന്റെ ക്ലബ്ബ് ലൈസൻസിങ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് പ്രീമിയർ 1 എന്നും ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ-ലീഗ്) ക്ലബ്ബുകൾക്ക് പ്രീമിയർ 2 എന്നും ലൈസൻസുകൾ തരംതിരിച്ചിട്ടുണ്ട്.