Image Credit: X@sport

ലോകകപ്പ് ജയിച്ച് നാട്ടിലെത്തിയ സ്പെയിന്‍ താരങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് തലസ്ഥാനമായ മാഡ്രിഡില്‍ ലഭിച്ചത്. ഏകദേശം 20 ലക്ഷത്തോളം പേരാണ് ലോക ചാംപ്യന്മാരായ ടീമിനെ കാണാന്‍ നഗരത്തിലെത്തിയത്. മാഡ്രിഡിലെ ആഘോഷം കഴിഞ്ഞ് നാട്ടിലെത്തിയ സ്പാനിഷ് മിഡ്ഫില്‍ഡര്‍മാരായ ഫാബിയൻ റൂയിസിനും ഗാവിക്കും ലഭിച്ച സ്വീകരണം അല്‍പം വെറൈറ്റിയായിരുന്നു. താരങ്ങളുടെ ശരീര ഭാരത്തിന് തുല്യമായ തക്കാളിയാണ് ലോസ് പലാസിയോസ് യെ വില്ലാഫ്രാങ്കയിലെത്തിയ താരങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചത്. 

സ്പെയിനിലെ സെവില്ലെ പ്രവിശ്യയിലുള്ള നഗരമാണ് ലോസ് പലാസിയോസ് യെ വില്ലാഫ്രാങ്ക. ഇവിടെ നിന്നുള്ള താരങ്ങളാണ് റൂയിസും ഗാവിയും. സ്വന്തം നാട്ടിലെ താരങ്ങള്‍ക്ക് വലിയ സ്വീകരണം തന്നെ  ലോസ് പലാസിയോസ് യെ വില്ലാഫ്രാങ്ക സിറ്റി കൗൺസില്‍ ഒരുക്കി. പരമ്പരാഗത ആചാങ്ങളുടെ ഭാഗമായാണ് ശരീര ഭാരത്തിന് തുല്യമായ തക്കാളി നല്‍കിയുള്ള സ്വീകരണം. തക്കാളിപ്പെട്ടിയുമായുള്ള താരങ്ങളുടെ വിഡിയോയും പുറത്തുവന്നു. 

ഇതിനൊപ്പം നഗരത്തിലെ നാട്ടിലെ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ക്ക് താരങ്ങളുടെ പേരു നല്‍കാനും സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. 

എഡി മോസ്ക്യോ, ലാ ലിയാര ബലോംപിയെ, ലോസ് പലാസിയോസ് സിഎഫ് എന്നീ പ്രാദേശിക ടീമുകളുടെ ആസ്ഥാനമായ മൈതാനത്തിനാണ് താരങ്ങളുടെ പേര് നല്‍കുക. സെവിയ എഫ്സി താരത്തിനോടുള്ള ബഹുമാനാർത്ഥം ജീസസ് നവാസ് സ്പോർട്സ് കോംപ്ലക്സ് എന്നാണ് നിലവില്‍ സ്റ്റേഡിയം അറിയപ്പെടുന്നത്. ഇതിനൊപ്പം താരങ്ങളുടെ പേരും കൂട്ടിച്ചേര്‍ക്കും. 

ലോസ് പാലാസിയോസ് സിഎഫിലാണ് റൂയിസ്ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. ആറ് വയസുള്ളപ്പോൾ ലാ ലിയാര ബലോംപിയുടെ യൂത്ത് ക്ലബിലൂടെയാണ് ഗാവി ഫുട്ബോളിലേക്ക് എത്തുന്നത്. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പ്പിച്ച സ്പെയിന്‍ ടീമംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ENGLISH SUMMARY:

Spanish midfielders Fabián Ruiz and Gavi received a unique homecoming welcome in Los Palacios y Villafranca after winning the World Cup. The local city council gifted both players boxes of tomatoes matching their exact body weight as part of traditional celebrations. Additionally, local football grounds in the town will be named in honor of the two star players.