ലോകകപ്പ് ഫൈനലിലെ താരങ്ങളുടെ മോശം പെരുമാറ്റത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 3 കോടി രൂപ പിഴ ശിക്ഷ വിധിച്ച് ഫിഫ. മിഡ്ഫീൽഡർ ലിയാന്‍ഡ്രോ പെരഡസിന് 10 ഉം  നഹ്വേല്‍ മൊളീനയ്ക്ക് 7 ഉം മല്‍സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും 86 ലക്ഷം രൂപ പിഴയടയ്ക്കണം 

 

2026 ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് 1-0ന് തോറ്റതിന് പിന്നാലെ മൈതാനത്തുണ്ടായ സംഘർഷത്തിലാണ് ഫിഫയുടെ അച്ചടക്ക സമിതി നടപടി . അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങൾ 50 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ച് നടത്തണമെന്നും ഫിഫ ഉത്തരവിട്ടു. എന്നാൽ ഇതിൽ ഒരു മത്സരത്തിനുള്ള ശിക്ഷ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കായികേതര ആവശ്യങ്ങൾക്കായി കായിക വേദി ഉപയോഗിച്ചതും ടീമിന്റെ മോശം പെരുമാറ്റവും ആരാധകർ നടത്തിയ വിവേചനപരമായ മുദ്രാവാക്യങ്ങളും ആംഗ്യങ്ങളുമാണ് നടപടിക്ക് കാരണമായത്. പിഴത്തുകയിൽ 1,00,000 ഡോളർ (ഏകദേശം 73,000 പൗണ്ട്) വിവേചനത്തിനെതിരായ പദ്ധതിക്കായി ചെലവഴിക്കണം. ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ചതിന് പിന്നാലെ അർജന്റീന താരങ്ങൾ ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്‌ലാൻഡ് ദ്വീപുകൾക്ക് മേലുള്ള അർജന്റീനയുടെ പരമാധികാരം അവകാശപ്പെടുന്ന ബാനർ ഉയർത്തിയിരുന്നു. 

 

ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ അർജന്റീന താരങ്ങളും പരിശീലക സംഘത്തിലെ അംഗങ്ങളും സ്‌പെയിൻ താരങ്ങളുമായി ഏറ്റുമുട്ടിയ സംഭവങ്ങൾ വിലയിരുത്താൻ ഫിഫ കഴിഞ്ഞ മാസം സമിതിയെ നിയോഗിച്ചിരുന്നു. സ്‌പെയിൻ താരം എറിക് ഗാർസിയയുടെ കഴുത്തിൽ പരേദസ് പിടിക്കുകയും സ്‌പെയിനിന്റെ ഗാവിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തത് ഫുട്ബോള്‍ ലോകത്തിന് നാണക്കേടായിരുന്നു. ഗാവിയുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശിക്ഷകൾക്കെതിരെ അപ്പീൽ നൽകുമെന്ന് AFA അറിയിച്ചു. അപ്പീൽ പരാജയപ്പെട്ടാൽ കായിക മധ്യസ്ഥ കോടതിയായ CAS-നെ സമീപിക്കുമെന്നും AFA വ്യക്തമാക്കി.

ENGLISH SUMMARY:

Argentina football fine of 3 crore rupees has been imposed by FIFA for misconduct during the World Cup final. The disciplinary committee also handed out suspensions and fines to players Leandro Paredes and Nahuel Molina.