• ആദ്യമായി 48 ടീമുകൾ, കൂടുതൽ മത്സരങ്ങൾ, കൂടുതൽ ആരാധകർ, കൂടുതൽ സ്വപ്നങ്ങൾ..... ന്യൂജഴ്‌സിയിൽ ഫൈനലിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ, ആറാഴ്ച നീണ്ടുനിന്ന ടൂർണമെന്‍റില്‍ മൂന്ന് രാജ്യങ്ങളിലായി റെക്കോർഡ് 104 മത്സരങ്ങൾ പൂർത്തിയായിരുന്നു.

ഓരോലോകകപ്പ് പോരാട്ടവും മറക്കാനാകാത്തെ നിമിഷങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. സ്പെയിന് ലോകകിരീടനേട്ടം. എംബപ്പെയ്ക്ക് സുവര്‍ണപാദുക നേട്ടം.ഉനായ് സിമോന് ഗോള്‍ഡന്‍ ഗ്ലൗ. റോഡ്രി ഹെര്‍ണാണ്ടസിന് സ്വര്‍ണപ്പന്ത്.  അപ്പോള്‍ ഉറക്കംകളഞ്ഞ് കളി കണ്ടവര്‍ക്കോ ? ഫുട്ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മായാദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ നേട്ടം. ഫുട്ബോൾ  ഭൂലോകത്തിന്‍റെ ഏറ്റവും വലിയ ഭാഷയാണെന്ന് വീണ്ടും തെളിയിച്ച ഒരുമാസത്തെ മഹോത്സവം സമാപിച്ചത് മായാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ്. ചരിത്രത്തിലാദ്യമായി അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് വേദിയൊരുക്കി. 2002 ല്‍ ജപ്പാനും ദക്ഷിണ കൊറിയയും ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായിരുന്നു.ആദ്യമായി 48 ടീമുകൾ,  കൂടുതൽ മത്സരങ്ങൾ, കൂടുതൽ ആരാധകർ, കൂടുതൽ സ്വപ്നങ്ങൾ..... ന്യൂജഴ്‌സിയിൽ ഫൈനലിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ, ആറാഴ്ച നീണ്ടുനിന്ന ടൂർണമെന്‍റില്‍ മൂന്ന് രാജ്യങ്ങളിലായി റെക്കോർഡ് 104 മത്സരങ്ങൾ പൂർത്തിയായിരുന്നു.മൈതാനത്തിന് പുറത്തുള്ള വിവാദങ്ങളിലും ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പ് ശ്രദ്ധേയമായി. 

Soccer Football - FIFA World Cup 2026 - Final - Spain v Argentina - New York/New Jersey Stadium, East Rutherford, New Jersey, U.S. - July 19, 2026 General view as Spain's Rodri lifts the World Cup trophy alongside teammates as they celebrate winning the World Cup REUTERS/John Sibley

വേഗമേറുന്ന ഫുട്ബോള്‍: ആദ്യ വിസിൽ മുതൽ ഫുട്ബോളിന്‍റെ പുതിയ വേഗം വെളിവായി. സ്പെയിനിനെ ലോകജേതാക്കളാക്കിയ , ഫെറാന്‍ ടോറസിന്‍റെ ഗോള്‍ ഈ ലോകകപ്പിന്‍റെ 301 ാമത്തേതായിരുന്നു. ഖത്തറില്‍ വീണ 172 ഗോളുകള്‍ പുതിയ റെക്കോഡിന് വഴിമാറി.ഗോളെണ്ണത്തിലെന്നപോലെ ഗോള്‍ തടുക്കുന്നതിലും റെക്കോഡ് വന്നു. സ്പെയിനിന്‍റെ ഉനായ് സിമോന്‍ 650 മിനിറ്റ്  ഗോള്‍വീഴാതെ വലകാത്തു.1990 ല്‍ ഇറ്റലിയുടെ വാള്‍ട്ടര്‍ സെന്‍ഗ സ്ഥാപിച്ച 517 മിനിറ്റ് മറികടന്നു.വമ്പന്മാർക്ക് വിയർപ്പൊഴുക്കേണ്ടി വന്നു.ചെറിയ ടീമുകൾ ലോകത്തോട് പ്രഖ്യാപിച്ചു, ഞങ്ങളും ഇവിടെ ജയിക്കാനാണ് വന്നത്.48 ടീമുകളുള്ള പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചപ്പോൾ, ഗ്രൂപ്പ് ഘട്ടത്തിൽ ഏകപക്ഷീയ മത്സരങ്ങളും ആവേശക്കുറവും ഉണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കാബോ വെര്‍ദെ,ഡി.ആര്‍. കോംഗോ, കുറസാവോ എന്നീ രാജ്യങ്ങൾ ആ വിലയിരുത്തലുകള്‍ തെറ്റിച്ചു.

കാബോ വെര്‍ദെ പിന്നീട്  സ്പെയിനിനെ സമനിലയിൽ തളച്ചു. റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറിയ അവർ പിന്നീട് അർജന്റീനയെ അധികസമയത്തേക്ക് നീണ്ട ത്രില്ലറിൽ വിറപ്പിച്ച ശേഷമാണ് 3-2ന് തോറ്റത്. 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞ ലോകകപ്പിലെ അപ്രതീക്ഷിത താരമായി മാറുകയും സാമൂഹിക മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് പുതിയ അനുയായികളെ നേടുകയും ചെയ്തു.കോംഗോയും ഗ്രൂപ്പ് ഘട്ടം കടന്ന് ഇംഗ്ലണ്ടിനെ ശക്തമായി വെല്ലുവിളിച്ചു. കുറസാവോ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പും നോക്കൗട്ട് സാധ്യത നിലനിർത്തി.

MIAMI GARDENS, FLORIDA - JULY 03: Lionel Messi #10 of Argentina competes for the ball against Sidny Lopes Cabral #13 of Cabo Verde during the FIFA World Cup 2026 Round of 32 match between Argentina and Cabo Verde at Miami Stadium on July 03, 2026 in Miami Gardens, Florida. Darrian Traynor/Getty Images/AFP (Photo by Darrian Traynor / GETTY IMAGES NORTH AMERICA / Getty Images via AFP)

പ്രതീക്ഷ തന്നും കെടുത്തിയും സൂപ്പർ താരങ്ങൾ: ഗോൾഡൻ ബൂട്ട് പോരാട്ടം ലോകഫുട്ബോളിലെ വമ്പൻ താരങ്ങളുടെ ഏറ്റുമുട്ടലായി മാറി. ലയണൽ മെസ്സി, കിലിയൻ എംബപ്പെ, എർലിങ് ഹാളണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങാം എന്നിവർ ഗോളടിയിൽ തിളങ്ങി.10 ഗോളുകളുമായി എംബപ്പെ ഗോൾവേട്ടയിൽ ഒന്നാമതെത്തി. ലോകകപ്പ് കരിയറിൽ ആകെ 22 ഗോളുകൾ എന്ന പുതിയ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മെസ്സി ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി. ലോകകപ്പിലെ ആകെ ഗോൾസംഖ്യ 21 ആയി ഉയർന്നു. തന്റെ അവസാന ലോകകപ്പാണിതെന്ന് പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. ചില  ഇതിഹാസങ്ങള്‍ കാലത്തിന്‍റെ അനിവാര്യതപോലെ ബൂട്ടഴിച്ചു , കണ്ണീരോടെ  കളംവിട്ടു.  ആദ്യം നെയ്മാര്‍ ജൂനിയര്‍, പിന്നെ ലൂക്കാ മോഡ്രിച്, പിന്നാലെ ക്രിസ്റ്റ്യാനോ റൊനാള്‍ഡോ അവസാനവരെ സുവര്‍ണപാദുക നേട്ടത്തിന് മല്‍സരിച്ച് ലയണല്‍ മെസ്സി. യൂറോ കപ്പിൽ രണ്ട് വർഷം മുമ്പ് തിളങ്ങിയ സ്പെയിനിന്റെ കൗമാരതാരം ലമിൻ യമാൽ പരിക്ക് മാറിയെത്തിയ ശേഷമാണ് ടൂർണമെന്റിൽ തന്റെ യഥാർഥ മികവ് പുറത്തെടുത്തത്.ഒരു തലമുറ വിടപറഞ്ഞപ്പോൾ പുതിയവര്‍‌  ലോകത്തെ അഭിവാദ്യം ചെയ്തു.

സമയമെന്ന സൂപ്പര്‍സ്റ്റാര്‍: ത്രില്ലര്‍ സിനിമകളുടെ ക്ലൈമാക്സ് പോലെ ,അവസാന പത്ത് മിനിറ്റുകൾ.ഈ ലോകകപ്പിന്റെ യഥാർഥ നായകൻ ആ സമയമായിരുന്നു.അവസാന നിമിഷങ്ങളിലെ ഗോളുകൾ അനേകം മത്സരങ്ങളുടെ വിധി  മാറ്റിമറിച്ചു.ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നതുവരെ ഒന്നും അവസാനിക്കുന്നില്ലെന്ന സത്യം വീണ്ടും തെളിഞ്ഞു.സൂപ്പർ സബ്സ്റ്റിറ്റ്യൂട്ടുകൾ സൂപ്പര്‍താരങ്ങളായി..ഒന്ന് തിരകെ ആലോചിച്ചു നോക്കൂ , നന്ദിപറയാം. അവസാന നിമിഷത്തെ ഗോളുകൾക്ക്...അട്ടിമറികൾക്ക്...ഗോൾകീപ്പർമാരുടെ അത്ഭുതങ്ങൾക്ക്... പകരക്കാരുടെ വീരകഥകൾക്ക്...കണ്ണീരിന് , ആഘോഷങ്ങള്‍ക്ക്, എല്ലാറ്റിനുമുപരി ലോകത്തെ ഒരേ വികാരത്തിൽ ബന്ധിപ്പിച്ച ഫുട്ബോളിന്

ഉയർന്ന ടിക്കറ്റ് നിരക്ക്; എന്നിട്ടും നിറഞ്ഞ ഗാലറികൾ: ഫിഫ നടപ്പാക്കിയ ഡൈനാമിക് പ്രൈസിങ് കാരണം സാധാരണ ആരാധകർക്ക് ടിക്കറ്റുകൾ താങ്ങാനാകില്ലെന്ന ആശങ്ക ടൂർണമെന്റിന് മുമ്പേ ഉയർന്നിരുന്നു. ചില വിമർശകർ ഇതിനെ വമ്പിച്ച വഞ്ചന എന്നാണ് വിശേഷിപ്പിച്ചത്. ഗ്രൂപ്പ് മത്സരങ്ങളുടെ ഔദ്യോഗിക ടിക്കറ്റ് വില 140 ഡോളർ മുതൽ 2,735 ഡോളർ വരെയും ഫൈനലിന് 8,680 ഡോളർ വരെയും എത്തിയിരുന്നു. ഇത് 2022 ഖത്തർ ലോകകപ്പിനെക്കാൾ വളരെ കൂടുതലായിരുന്നു.

വിമർശനത്തെ തുടർന്ന് ഓരോ മത്സരത്തിനും 60 ഡോളർ വിലയുള്ള ഒരു വിഭാഗം ടിക്കറ്റുകൾ പങ്കെടുക്കുന്ന 48 ദേശീയ ഫെഡറേഷനുകൾക്കായി ലഭ്യമാക്കുമെന്ന് ഫിഫ അറിയിച്ചു.ഫിഫയുടെ റീസെയിൽ പ്ലാറ്റ്ഫോമിൽ ഫൈനൽ ടിക്കറ്റുകൾ 23 ലക്ഷം ഡോളറിനടുത്ത വിലയ്ക്കുപോലും വിൽപ്പനയ്ക്ക് വന്നിരുന്നു. പുനർവിൽപ്പന വില ഫിഫ നിയന്ത്രിച്ചിരുന്നില്ലെങ്കിലും വിൽപ്പനയിൽ നിന്ന് വിഹിതം ഫിഫയ്ക്ക് ലഭിച്ചിരുന്നു.എല്ലാ വിമർശനങ്ങൾക്കിടയിലും, പ്രമുഖ ടീമുകളോ സൂപ്പർ താരങ്ങളോ ഇല്ലാത്ത മത്സരങ്ങൾക്കുപോലും വലിയ ആരാധകസാന്നിധ്യം ഉണ്ടായി.

TOPSHOT - France's forward #10 Kylian Mbappe celebrates scoring his team's first goal during the 2026 World Cup round of 16 football match between Paraguay and France at the Philadelphia Stadium in Philadelphia on July 4, 2026. (Photo by CHARLY TRIBALLEAU / AFP)

ഹൈഡ്രേഷന്‍ ബ്രേയ്ക്കും വാറും: ഈ ലോകകപ്പില്‍ ഏര്‍പ്പെടുത്തിയ ഹൈഡ്രേഷൻ ബ്രേക്കുകൾ കളിയുടെ ഒഴുക്ക് തടസപ്പെടുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നു.സ്റ്റേഡിയങ്ങളിലിരുന്ന ആരാധകർ ഇതിനെതിരെ ഉറക്കെ പ്രതിഷേധിച്ചു. മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തി. "നമ്മൾ അമേരിക്കയിലല്ലേ? അതുകൊണ്ട് ഇത് ടൈംഔട്ട് പോലെയാണ്," മുൻ അയർലൻഡ് താരം റോയ് കീൻ പോഡ്കാസ്റ്റിൽ പറഞ്ഞു.വേനൽച്ചൂടിൽ നിന്ന് താരങ്ങളെ സംരക്ഷിക്കാനാണ് ഈ ഇടവേളകൾ കൊണ്ടുവന്നതെങ്കിലും, കാലാവസ്ഥയോ വേദിയോ എന്തുമാകട്ടെ അവ നിർബന്ധമായും നൽകണമെന്നാണ് ഫിഫ നിർദേശിച്ചത്. അതേസമയം പരിശീലകർ ഈ ഇടവേളകളെ തന്ത്രങ്ങൾ കൈമാറാനുള്ള അവസരമായി ഉപയോഗിച്ചു. ടെലിവിഷൻ സംപ്രേഷകർ പരസ്യ ഇടവേളകൾക്കായും .ഭാവിയിലെ ലോകകപ്പുകളിൽ ഈ രീതി തുടരുമോ എന്നത് വ്യക്തമല്ല.എന്നാൽ 2028 യൂറോ കപ്പിൽ ഹൈഡ്രേഷൻ ബ്രേക്കുകൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ വി.എ.ആര്‍ സംവിധാനവും നിരവധി വിവാദ തീരുമാനങ്ങളുടെ കേന്ദ്രബിന്ദുവായി. ജർമനി, ക്രൊയേഷ്യ, ഈജിപ്ത് എന്നീ ടീമുകളുടെ നിർണായക ഗോളുകൾ VAR റദ്ദാക്കി. റൗണ്ട് ഓഫ് 16-ൽ അർജന്റീന 2-0ന് പിന്നിലായിരുന്ന നിലയിൽ നിന്ന് 3-2ന് തിരിച്ചുവന്ന് ഈജിപ്തിനെ തോൽപ്പിച്ച മത്സരത്തിൽ, ഈജിപ്തിന്റെ ഒരു ഗോൾ VAR റദ്ദാക്കി.  തുടർന്ന് പരിശീലകൻ ഹൊസം ഹസൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 

രാഷ്ട്രീയവും വിവാദവും പതിവുപോലെ: മൈതാനത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ നിലപാടുകളും ഫിഫ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങളും ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ വലിയതോതില്‍ ശ്രദ്ധാകേന്ദ്രമാക്കി. യുദ്ധം, നിയമാവലിയിലെ പരീക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. മല്‍സരത്തിന്‍റെ വിശകലനങ്ങള്‍ പോലെതന്നെ വിവാദങ്ങളും തലക്കെട്ടുകളായി മാറി. ഇത്തവണ ഏറ്റവും വലിയ രാഷ്ട്രീയവിവാദം ഇറാന്‍റെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു. അരിസോണയിലെ പരിശീലനക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയ ശേഷമാണ് ഇറാന്‍ ലോകകപ്പിൽ പങ്കെടുത്തത്.  ഇറാൻ പ്രതിനിധിസംഘത്തിലെ ചിലർക്ക് വീസ നിഷേധിച്ചതും വലിയ വിവാദമായി. ഓരോ മത്സരത്തിനുശേഷവും ഉടൻ അമേരിക്ക വിടേണ്ടിവന്നതടക്കമുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും ഇറാൻ പരാതിപ്പെട്ടു. ഫാക്‌ലന്‍ഡ് ദ്വീപിന്‍റെ അവകാശത്തെച്ചൊല്ലി   1982 ല്‍ ഇംഗ്ലണ്ടിനോട് യുദ്ധത്തില്‍ തോറ്റതിന്‍റെ കനല്‍ അര്‍ജന്‍റീനക്കാര്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നുവെന്ന് വീണ്ടും വ്യക്തമായി. ഇംഗ്ലണ്ടിനെതിരായ മല്‍സരം ജയിച്ച ശേഷം അര്‍ജന്‍റീന കളിക്കാര്‍ തന്നെ ഫാക്‌ലന്‍ഡ് ദ്വീപ് തങ്ങളുടേതാണെന്ന ബാനര്‍ മൈതാനത്ത് ഉയര്‍ത്തിക്കാട്ടി. കളിക്കളത്തെ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ ഫിഫ നടപടിയെടുക്കുമോയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. 

എവിടെ ട്രംപുണ്ടോ അവിടെ വിവാദമുണ്ട്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിവിധ ഇടപെടലുകള്‍ വിവാദമായി. ട്രംപ് ഭരണകൂടത്തിന്‍റെ യാത്രാനിയന്ത്രണങ്ങൾ കാരണം ചില രാജ്യങ്ങളിലെ ആരാധകർക്ക് അമേരിക്കയിലേക്ക് എത്താൻ സാധിച്ചില്ല. അമേരിക്കൻ താരം ഫോളറിൻ ബാലോഗന് ലഭിച്ച ഒരു മത്സര വിലക്ക്, ബെൽജിയത്തിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിന് മുമ്പ് സസ്പെൻഡ് ചെയ്തതോടെ ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്‍റിനോയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നു. അതേസമയം ട്രംപിന്‍റെ നിശിത വിമര്‍ശനത്തിന് വിധേയരായ സ്പെയിനിന് ലോകകിരീടം തന്നെ നല്‍കേണ്ടി വന്നത് കളിയുടെ കാവ്യനീതി. നാറ്റോയുടെ പ്രതിരോധച്ചെലവ്, ഇറാനെതിരായ യുദ്ധം, അങ്ങനെ സമീപകാലത്ത് ട്രംപ് ആവശ്യപ്പെട്ടതിനോടെല്ലാം പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഏക യൂറോപ്യന്‍ രാജ്യമാണ് സ്പെയിന്‍. അതിന്‍റെ പേരില്‍ ട്രംപ് സ്പെയിനിനെ തുടര്‍ച്ചയായി വാക്കുകള്‍കൊണ്ട്  ആക്രമിച്ചു. 

നാറ്റോ സഖ്യരാജ്യങ്ങള്‍ ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന ട്രംപിന്‍റെ ആവശ്യം സ്പെയിന്‍ തള്ളിയിരുന്നു. മോശം പങ്കാളിയെന്ന് വിളിച്ച് വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തി. ഇറാന്‍ യുദ്ധാവശ്യങ്ങള്‍ക്കായി സ്പെയിനിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. യുദ്ധം വേണ്ട എന്ന നിലപാട് സ്പെയിന്‍ ആവര്‍ത്തിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ "ലൂസര്‍" എന്നും, "വെയ്സ്റ്റഡ് കോസ് " എന്നുമാണ് ട്രംപ് സ്പെയിനിനെ വിശേഷിപ്പിച്ചത്. എന്നിട്ടും സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കളി കാണാന്‍ ന്യൂജഴ്സിയില്‍ എത്തി.  ട്രംപിന്‍റെ വിമര്‍ശനങ്ങള്‍ക്ക് സ്വന്തം രാജ്യത്തെ പോരാളികള്‍  ഫുട്ബോളിലൂടെ മറുപടി നല്‍കുന്നത് കണ്‍നിറയെ കണ്ടു. ഫൈനൽ ഒഴികെ  ട്രംപ് മറ്റൊരു ലോകകപ്പ് മത്സരവും നേരിട്ട് കാണാന്‍ വന്നില്ല. വന്നപ്പോഴാകട്ടെ താന്‍ നിശിതമായി വിമര്‍ശിച്ച സ്പെയിനിന് ലോകകപ്പ് സമ്മാനിക്കേണ്ടിയും വന്നു. സ്പെയിനിന് അതൊരുമധുര പ്രതികാരവുമായി.

ENGLISH SUMMARY:

Every World Cup brings unforgettable moments. Spain lifted the World Cup trophy. Kylian Mbappé won the Golden Boot. Unai Simón claimed the Golden Glove, while Rodri Hernández won the Golden Ball. And what about those who sacrificed sleep to watch the games? They were rewarded with magical moments that will forever be etched in football history. The month-long festival once again proved that football is the world's greatest language. It concluded with memories that will last forever.