ലോകകപ്പ് ഫുട്ബോള്‍ കഴിയുമ്പോള്‍ മികച്ച ഇലവന്‍ ഏതെന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഗോള്‍വലയ്ക്ക് മുന്നിലും ഒരുപാട് മിന്നുന്ന പ്രകടനങ്ങളാണ് ലോകകപ്പില്‍ കണ്ടത്. അതില്‍ നിന്ന് 11 പേരെ തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ആരെല്ലാം ആയിരിക്കും ലോക ഇലവനില്‍ വരിക.
ലോക ഇലവിലെ താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകും. ഇഷ്ടതാരങ്ങളെ ഒഴിവാക്കേണ്ടിവരാം. ചിലപ്പോള്‍ ഇഷ്ടമില്ലാത്ത താരങ്ങളെ എടുക്കേണ്ടിവരാം. ഗോള്‍ കീപ്പറില്‍ നിന്ന് തുടങ്ങാം. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്പെയിനിന്‍റെ ഉനയ് സിമോണിന് ആണെങ്കിലും കാബോ വെര്‍ദെയുടെ വോസിഞ്ഞയെ ഗോള്‍കീപ്പറായി മുന്‍ നിര്‍ത്തുന്നു. കാരണം ലോകചാംപ്യന്മാരായ സ്പെയിനെതിരെയും അര്‍ജന്‍റീനയ്ക്ക് എതിരെയും മിന്നും പ്രകടനം നടത്തിയത് വോസീഞ്ഞയാണ്. കാബോ വെര്‍ദെയ്ക്ക് എതിരെ ഗോളടിക്കാന്‍ സ്പെയിന് ആയുമില്ല.
പ്രതിരോധത്തിലേക്ക് വരുമ്പോള്‍ സ്പാനിഷ് പ്രതിരോധത്തിന് തന്നെ മുന്‍തൂക്കം. റൈക്ക് ബാക്കില്‍ പെഡ്രോ പോറോ സെന്‍റര്‍ ബാക്കില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട പൗ കുബാര്‍സിയും ലപോര്‍ട്ടെയും ലെഫ്റ്റ് ബാക്കില്‍ മാര്‍ക് കുകുറെല്ലയും അണിനിരക്കും. മല്‍സരം നിയന്ത്രിക്കുന്ന മധ്യനിര എഞ്ചിനിലേക്ക് എത്തുന്നത് ഇംഗ്ലണ്ടിന്‍റെ യുവതാരം ജൂഡ് ബെല്ലിങ്ങാം, ഫ്രാന്‍സിന്‍റെ മൈക്കില്‍ ഒലിസെ, ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടിയ സ്പെയിനിന്റെ റോഡ്രി എന്നിവരാണ്. ഇതില്‍ ബെല്ലിങ്ങാം ഏഴ് ഗോളുകള്‍ സ്കോര്‍ ചെയ്തതാരമാണ്.
മുന്നേറ്റ നിരയിലേക്ക് എത്തുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ തന്നെ മുന്നില്‍. ഇടതുവശം എംബാപ്പെ നിയന്ത്രിക്കുമ്പോള്‍ വലതുവശത്ത് ലയണല്‍ മെസി കളി നിയന്ത്രിക്കും, കളി മെനയും, കളിയുടെ ഗതി തിരിക്കുന്ന ഗോളുകളുതിര്‍ക്കും. സൂപ്പര്‍ സ്ട്രൈക്കറുടെ റോളില്‍ ഈ ലോകകപ്പില്‍ ഏഴുഗോളടിച്ച ഹാളണ്ടല്ലാതെ മറ്റാര്. നോര്‍വേയുടെ വൈക്കിങ് റോ ഗോളാഘോഷത്തിലേക്ക് എത്തിച്ച ഹാളണ്ടിന്‍റെ ഗോളടി മികവ് ഒന്നുവേറെ തന്നെയാണ്.