Image: Facebook,ESPN Brasil
പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാഘോഷത്തിനായി ഉപയോഗിക്കുന്ന ‘സൂയി’ അനുകരിച്ച് സ്പാനിഷ് ഫുട്ബോൾ താരം ലമീന്‍ യമാലും കുഞ്ഞു സഹോദരനും. ലോകകപ്പിനു മുന്‍പായാണ് ഇരുവരുടെയും പ്രകടനം റെക്കോര്‍ഡ് ചെയ്തതെന്നാണ് സൂചന. ഇരുവരും ഗ്രൗണ്ടില്‍ പരസ്പരം അഭിമുഖമായി നിന്ന് ഒന്നിച്ച് ‘സൂയി’ ആഘോഷിക്കുന്നു. പിന്നാലെ ചിരിച്ച് സഹോദരനെ വാരിയെടുക്കുന്ന ലമീന്‍ യമാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ലമീൻ യമാലിന്റെ ഇളയ സഹോദരനാണ് കെയ്ൻ. ഈ ലോകകപ്പ് മത്സരങ്ങളിലാകെ സ്പെയിനിന്റെ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ കെയ്നുണ്ടായിരുന്നു. തന്റെ സഹോദരനെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന കെയ്ന്‍ ഇതിനോടകം വലിയൊരു സോഷ്യൽ മീഡിയ താരമായും മാറിക്കഴിഞ്ഞു. കെയ്‌നെ കൂടാതെ ബാര എന്നൊരു ഇളയ സഹോദരിയും യമാലിനുണ്ട്.
കെയ്ന്റെ ഗ്യാലറിയിലിരുന്നുള്ള ഭാവപ്രകടനങ്ങളും കുസൃതിയും സ്പെയിന്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മത്സരങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ഉള്‍പ്പെടെ സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിട്ടുണ്ട്. മത്സര വിജയങ്ങൾക്ക് ശേഷം തന്റെ കുഞ്ഞനിയൻ സന്തോഷിക്കുന്നത് ഏറെ വൈകാരികമായാണ് താന്‍ കാണുന്നതെന്നും ഏറെ സന്തോഷിപ്പിക്കുന്ന പ്രകടനമാണതെന്നും ലമീന്‍ പല അഭിമുഖങ്ങളിലും പറയുന്നു.
ഒരു റോണോ ആരാധകന്‍ കൂടിയാണ് യമാലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോ എന്നാണ് കമന്റുകള്‍. ഗോള്‍നേട്ടം ആഘോഷിക്കാനായി മൈതാനത്തിന്റെ ഒരു വശത്തേക്ക് ഓടി, ഉയരത്തിലേക്ക് ചാടിയാണ് റൊണാള്‍ഡോ ‘സൂയി’ ആരംഭിക്കുന്നത്. അന്തരീക്ഷത്തില്‍വച്ച് 180ഡിഗ്രി ശരീരം തിരിച്ച ശേഷം രണ്ട് കൈകളും പിന്നിലേക്ക് വിടര്‍ത്തി, കാലുകള്‍ അകത്തി മൈതാനത്ത് ചുവടുറപ്പിക്കുന്ന ശൈലിയാണ് പിന്തുടരുന്നത്. ഈ സമയം ആരാധകര്‍ക്കൊപ്പം സൂയി എന്ന് ഉച്ചത്തില്‍ പറഞ്ഞാണ് റോണോ ആഘോഷം പൂര്‍ത്തിയാക്കുന്നത്. പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും ടീമിനൊപ്പമുണ്ടെന്നതാണ് യാഥാര്‍ഥ്യം.
അതേസമയം ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിനിന് ലമീൻ യമാലിന്റെ പരുക്ക് ആശങ്കയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടന്ന പ്രധാന പരിശീലന സെഷനിൽ യമാൽ ടീമിനൊപ്പം പങ്കെടുത്തിരുന്നില്ല. മാത്രമല്ല ഇടത് തുടയിൽ വലിയ രീതിയിൽ ബാൻഡേജ് കെട്ടിയ നിലയിലാണ് താരത്തെ കണ്ടത്. ഇതാണ് ആശങ്കകള്‍ക്ക് ആക്കം കൂട്ടിയത്.