കളിക്കളത്തിലെ പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ടകള്‍ ഭേദിക്കാന്‍ ലയണല്‍ മെസ്സിയ്ക്ക് അനായാസം സാധിച്ചേക്കും. എന്നാല്‍ മൈതാനത്തിന് പുറത്ത് ആരാധാകരുയര്‍ത്തുന്ന  സ്നേഹമതില്‍ . അത് അവഗണിച്ച് മുന്നോട്ടുപോവുക ഒട്ടും എളുപ്പമാകില്ല.  ഇത്തരം സാഹചര്യങ്ങള്‍  മറികടന്ന് വഴിയൊരുക്കാന്‍ മെസിക്കൊപ്പം ഒരാളുണ്ട് . സുരക്ഷാസംവിധാനങ്ങള്‍  ഭേദിച്ചെത്തുന്നവര്‍ക്ക് മുന്നിലൊരു വന്‍മതില്‍. താരത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരാള്‍. മെസിയുടെ പഴ്സനല്‍ ബോഡിഗാര്‍ഡ് യസ്സീന്‍ ച്യുക്കോ

 

മെസിക്കൊപ്പം എപ്പോഴും ഒരു നിഴല്‍പോലെയുണ്ടാകും യസ്സീന്‍ ച്യുക്കോ . ഒന്നു തൊടാന്‍ ഒരു സെല്‍ഫിയെടുക്കാന്‍  പിന്തുടരുന്ന ആരാധകര്‍ക്ക് മെസിയുടെ അടുത്തേയ്ക്ക് എത്തണമെങ്കില്‍ യസ്സീന്‍റെ ബലിഷ്ഠമായ കരങ്ങള്‍ കടക്കണം. അതിക്രമിച്ച് കടക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ചുരുക്കം. മെസ്സിയുടെ സുരക്ഷ, അതു മാത്രമാണ് അയാളുടെ ലക്ഷ്യം. സ്റ്റേഡിയത്തിന് പുറത്തും യാത്രകളിലും പൊതുപരിപാടികളിലും മെസ്സിക്കൊപ്പം തന്നെയുണ്ടാകും. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി എത്തിയതിന് ശേഷമാണ് ലോകം യസ്സീനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. മിക്സ്ഡ് മാർഷൽ ആർട്സ്, തയ്ക്വാൻഡോ, ബോക്സിങ് എന്നിവയില്‍ പരിശീലനം നേടിയ ഇദ്ദേഹത്തിന്റെ ജന്‍മദേശം പാരീസാണ്.

 

Also Read: വേട്ട അവസാനിച്ചുവെന്ന് വിശ്വസിപ്പിച്ചു; യഥാർത്ഥ ബുദ്ധിമാൻ; ക്ലൈമാക്സിലെ മെസി മാജിക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തെ സംരക്ഷിക്കുന്ന വ്യക്തിയെന്ന പരിവേഷം യസ്സീന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. യസ്സീനെ ലോകമെമ്പാടും പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള ചലനങ്ങളാണ്. മത്സരത്തിനിടെ ആരാധകർ ഗ്രൗണ്ടിലിറങ്ങി മെസിയുടെ അടുത്തെത്താന്‍ ശ്രമിച്ചാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെക്കാൾ വേഗത്തിൽ യാസിൻ ഓടിയെത്തി അവരെ തടയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിലപ്പോൾ മൈതാനത്തെ ബൗണ്ടറി വരക്കരികിലൂടെ മെസ്സിയുടെ ചലനത്തിനൊപ്പം ഓടുന്നതും കാണാം. സോഷ്യൽ മീഡിയയിൽ ഇത്തരം വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ മത്സരങ്ങളിൽ ഗ്രൗണ്ടിനുള്ളിലെ സുരക്ഷയുടെ ഉത്തരവാദിത്വം ലീഗിന്റെ സുരക്ഷാ സംഘം ഏറ്റെടുത്തു. ഇതോടെ യസ്സീനെ ഗ്രൗണ്ടിനുള്ളിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. എന്നിരുന്നാലും മെസ്സിയുടെ വ്യക്തിഗത സുരക്ഷാ സംഘത്തിലെ പ്രധാന അംഗമായി അദ്ദേഹം തുടരുന്നു.

 

ലയണൽ മെസ്സിയുടെ ഓരോ ചുവടിലും ഒപ്പമുണ്ടാകുന്ന യസ്സീന്‍ ച്യുക്കോ, ഒരു ബോഡിഗാർഡ് മാത്രമല്ല. ലോകത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന കായിക താരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന നിർണായക സാന്നിധ്യം കൂടിയാണ്. മെസ്സിയെ സ്പർശിക്കാൻ ആരാധകർ കൈ നീട്ടുമ്പോൾ അദ്ദേഹം ശാന്തമായി അവരെ പിന്തിരിപ്പിക്കും. ചിലപ്പോൾ ഒരു പുഞ്ചിരിയോടെ, അല്ലെങ്കിൽ ആവശ്യമെങ്കിൽ മാത്രം ചെറിയൊരു ബലപ്രയോഗത്തിലൂടെ. കുറച്ചു കാലം മുന്‍പ്  ഒരു യുവാവ് മൈതാനത്തേക്ക് ഓടിക്കയറി മെസ്സിയുടെ അടുത്തെത്താന്‍ ശ്രമിച്ചു. യസ്സീന്റെ ഇടപെടല്‍ അതിവേഗമായിരുന്നു. ആദ്യം താരത്തെ സംരക്ഷിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ ആ യുവാവിനോട് കടുത്ത രീതിയിൽ പെരുമാറാതിരിക്കാന്‍ ശ്രമിച്ചു. ഒടുവിൽ ആ യുവാവിനെ ശാന്തമായി മെസ്സിയുടെ അടുത്തേക്ക് കൊണ്ടുപോയി, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷം സമ്മാനിക്കുകയും ചെയ്തു.

 

സ്വാഭാവികമായും യസ്സീന്റെ പശ്ചാത്തലം അറിയാന്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും താല്‍പര്യമുണ്ടാകും. നടക്കില്ല. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ പരക്കം പാഞ്ഞെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഒരു എന്റർടെയ്ൻമെന്റ് വെബ്സൈറ്റ് ഫോട്ടോഷൂട്ടിനായി 25,000 ഡോളർ വരെ വാഗ്ദാനം ചെയ്തു. യസ്സീന്‍ വഴങ്ങിയില്ല. ഒരു അഭിമുഖം പോലും ഇതുവരെ നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രായം, ജീവിതപശ്ചാത്തലം എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് ആര്‍ക്കുമില്ല.

ENGLISH SUMMARY:

Yassine Chueko serves as the dedicated and highly skilled personal bodyguard for football icon Lionel Messi. Trained extensively in mixed martial arts and combat sports, he maintains a constant, shadow-like presence around the star athlete. Since Messi’s transition to Inter Miami, Chueko has gained worldwide attention for his rapid reflexes and unwavering protective instincts. Despite his viral popularity on social media platforms, he remains a notoriously private individual who strictly avoids media interviews. He continues to play an essential role in safeguarding Messi’s security during matches, public events, and global travels. His ability to balance professional protection with moments of empathy for fans has solidified his reputation as a unique figure in sports security.