Image Credit: X

  • വിജയാഘോഷങ്ങള്‍ക്കിടെ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദന്‍ പിക്​ഫോര്‍ഡിന്‍റെ വാട്ടര്‍ ബോട്ടില്‍ അര്‍ജന്‍റൈന്‍ താരങ്ങളുടെ കണ്ണില്‍പ്പെട്ടു. ഓരോരുത്തരും പെനല്‍റ്റിയെടുക്കുമ്പോള്‍ എങ്ങോട്ട് നീങ്ങുമെന്നുള്ള കുറിപ്പാണ് വാട്ടര്‍ ബോട്ടിലില്‍ നീളത്തിലുണ്ടായിരുന്നത്

തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് കടന്നതിന്‍റെ ആഘോഷം അര്‍ജന്‍റീന തുടരുകയാണ്. ഗ്രൗണ്ടിലെ വിജയാഘോഷങ്ങള്‍ക്കിടെ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദന്‍ പിക്​ഫോര്‍ഡിന്‍റെ വാട്ടര്‍ ബോട്ടില്‍ അര്‍ജന്‍റൈന്‍ താരങ്ങളുടെ കണ്ണില്‍പ്പെട്ടു. അതിലെ എഴുത്ത് അതിവേഗം വൈറലാകുകയും ചെയ്തു. ഓരോരുത്തരും പെനല്‍റ്റിയെടുക്കുമ്പോള്‍ എങ്ങോട്ട് നീങ്ങുമെന്നുള്ള കുറിപ്പാണ് വാട്ടര്‍ ബോട്ടിലില്‍ നീളത്തിലുണ്ടായിരുന്നത്. വാട്ടര്‍ബോട്ടിലില്‍ ഇങ്ങനെ ഒട്ടിക്കുന്നത് സാധാരണ കാര്യമാണെങ്കിലും പിക്​ഫോര്‍ഡിന്‍റെ കുറിപ്പ് അല്‍പം രസകരമായിരുന്നു. ഇത് വായിച്ചുള്ള മെസിയുടെ റിയാക്ഷനും വൈറലായി. 

നികോ ഗൊണ്‍സാലസാണ് ബോട്ടിലെടുത്ത് വന്നത്. മെസി അതിലേക്ക് ഉറ്റുനോക്കുന്നതായി പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. മെസി പെനല്‍റ്റിയെടുക്കാന്‍ വന്നാല്‍ ഇടത്തേക്ക് എന്ന് തോന്നിപ്പിച്ച് വലത്തോട്ട് ചാടണം എന്നായിരുന്നു ആദ്യത്തെ എഴുത്ത്. പര്‍ദേസ് ആണെങ്കിലും, മക് അലിസ്റ്ററും ലൗട്ടാരോ മാര്‍ട്ടിനസുമാണെങ്കിലും വലത്തേക്ക് തന്നെയെന്നും ഡി പോള്‍ ആണെങ്കില്‍ വലത്തേക്ക് നിന്ന് മധ്യഭാഗത്തേക്ക് മാറി ഇടത്തേക്ക് ചാടണമെന്നും ഗൊണ്‍സാലസും അല്‍മേഡയുമെങ്കില്‍ നോക്കിച്ചാടിയാല്‍ മതിയെന്നും കുറിപ്പിലുണ്ട്. ലൊ സെല്‍സോയാണെങ്കില്‍ വലത്തേക്കെന്ന് തോന്നിപ്പിച്ച് ഇടത്തേക്ക് ചാടണമെന്നും ബോട്ടിലില്‍ എഴുതിയിട്ടുണ്ട്. 

സെമിയില്‍ 2–1ന് അര്‍ജന്‍റീനയോട് തോറ്റുവെങ്കിലും മെസിയെ പുകഴ്ത്താന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മറന്നില്ല. ഏറ്റവും മികച്ച കളിയാണ് മെസി ഇന്നും പുറത്തെടുക്കുന്നതെന്ന് കെയ്ന്‍ പ്രശംസിച്ചു. 'കളിയില്‍ വലിയൊരളവ് വരെ മെസിയെ ഞങ്ങള്‍ നന്നായി പൂട്ടി. പക്ഷേ ലോകത്തിലേക്കും ഏറ്റവും അപകടകാരിയായ കളിക്കാരനാണ് അദ്ദേഹം. ഫൈനല്‍ തേര്‍ഡില്‍ പന്ത് കിട്ടിയാല്‍ പിന്നെ നോക്കേണ്ടതില്ല. ഇന്നും മെസി അത് തന്നെയാണ് ചെയ്തത്. എന്തുകൊണ്ടും മെസി ഏറ്റവും മികച്ച് നില്‍ക്കുന്നു' കെയ്ന്‍ പറഞ്ഞു. 

അറ്റ്ലാന്‍റയില്‍ അര്‍ജന്‍റീനയുടെ രണ്ട് ഗോളുകള്‍ക്കും വഴി തുറന്നത് മെസിയായിരുന്നു. 85––ാം മിനിറ്റില്‍ എന്‍സൊയ്ക്കും ഇന്‍ജറി ടൈമില്‍ ലൗട്ടാരോയ്ക്കും മെസിയുടെ അസിസ്റ്റുകളെത്തി. 

ENGLISH SUMMARY:

England goalkeeper Jordan Pickford's meticulous preparations against Argentina turned into a viral sensation during their World Cup semi-final. Pickford, known for his thorough analysis, had taped detailed notes on his water bottle mapping out the penalty-taking tendencies of Argentina's key players, including Lionel Messi, Lautaro Martínez, and Enzo Fernández. The "secret" strategy was discovered by Argentine players during the match, with photos of Messi reading the notes becoming an instant hit on social media. Despite the analytical approach, Argentina’s attacking prowess proved too much for the English defense. Following the 2-1 defeat, England captain Harry Kane graciously praised Messi, labeling him the most dangerous player in the world and acknowledging his role in masterminding Argentina's two goals. The incident highlights the intense tactical preparation defining the 2026 World Cup, where every minor detail—even a water bottle—becomes part of the high-stakes narrative.